ബംഗാൾ എസ്.ഐ.ആറിൽ തീർപ്പാക്കാതെ 37 ലക്ഷത്തിലധികം അപ്പീലുകൾ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ പട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടവരും തർക്കമുള്ളവരും സമർപ്പിച്ച 37 ലക്ഷത്തിലധികം അപ്പീലുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചതാണ് ഈ വിവരം. വിവിധ ട്രൈബ്യൂണലുകൾക്ക് മുമ്പാകെ സമർപ്പിച്ച 38,20,683 അപ്പീലുകളിൽ 1,02,231 എണ്ണത്തിൽ മാത്രമാണ് തീരുമാനമായത്. അതായത് 37,18,452 അപ്പീലുകൾ ഇപ്പോഴും തീർപ്പാക്കാനുണ്ടെന്നാണ് കമീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഒഴിവാക്കപ്പെട്ടവരുടെയും തർക്കങ്ങൾ ഉന്നയിച്ചവരുടെയും അപ്പീലുകളുടെ കണക്ക് വേർതിരിച്ച് നൽകിയിട്ടില്ല.
ബംഗാൾ കോൺഗ്രസിന്റെ എസ്.ഐ.ആർ സമിതി അധ്യക്ഷൻ പ്രസൻജിത് ബോസിന്റെ ഹരജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തേ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം ആവശ്യപ്പെട്ടിരുന്നു. വെട്ടിമാറ്റപ്പെട്ട വോട്ടർമാർ ഫയൽ ചെയ്ത ക്ലെയിമുകളും തർക്കങ്ങളും സംബന്ധിച്ച് മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടായിരുന്നു ഹരജി.
എന്യൂമറേഷൻ ഘട്ടത്തിൽ 58 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടെന്നാണ് ബോസ് വാദിച്ചത്. ക്ലെയിമുകളും തർക്കങ്ങളും സമർപ്പിച്ച ഘട്ടത്തിൽ ഫോം 6ഉം ഫോം 6എയും മുഖേന പട്ടികയിൽ ഉൾപ്പെടുത്താൻ 9.64 ലക്ഷം അപേക്ഷകൾ ലഭിച്ചെങ്കിലും ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ കേവലം 1.82 ലക്ഷം പേരെയാണ് ഉൾപ്പെടുത്തിയതെന്നും ബോസ് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ട്രൈബ്യൂണലുകൾക്ക് മുമ്പാകെ വന്ന അപ്പീലുകളിൽ തീർപ്പാക്കിയതും ശേഷിക്കുന്നതും സംബന്ധിച്ച് വിശദമായ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ആഗസ്റ്റ് 25നാണ് തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയത്. സംസ്ഥാനത്ത് ഫയൽ ചെയ്യപ്പെട്ട 60 ലക്ഷത്തോളം ക്ലെയിമുകളും തർക്കങ്ങളും പരിശോധിച്ച് തീരുമാനമെടുക്കാൻ മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമാർ അധ്യക്ഷരായി 19 ട്രൈബ്യൂണലുകളാണ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് രൂപവത്കരിച്ചത്.
ബംഗാളിന് പുറമെ ഝാർഖണ്ഡിൽനിന്നും ഒഡിഷയിൽനിന്നുമുള്ള ഏകദേശം 700 ജുഡീഷ്യൽ ഓഫിസർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

