അമിത് ഷായ്‌ക്കെതിരായ മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്തു; 'മക്തൂബ് മീഡിയ'ക്കെതിരെ കേസെടുത്ത് പശ്ചിമ ബംഗാൾ പൊലീസ്
text_fieldsന‍്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനവേളയിൽ മുസ്ലിം ഐ.പി.എസ് ഉദ്യോഗസ്ഥരെ യോഗങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമസ്ഥാപനമായ 'മക്തൂബ് മീഡിയ'ക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് കേസെടുത്തു. എക്സിലൂടെ നൽകിയ സന്ദേശത്തിലൂടെയാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം മക്തൂബ് അധികൃതർ അറിയുന്നത്.
വിവരം വ്യാജമാണെന്നാണ് പൊലീസിന്റെ വാദമെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും മഹുവ മൊയ്ത്ര ഉന്നയിച്ച ആരോപണങ്ങൾ ഔദ്യോഗികമായി തള്ളിക്കളയാൻ സർക്കാരോ പൊലീസോ തയ്യാറായിട്ടില്ല. ഈ സംഭവം മുമ്പ് തന്നെ മഹുവ മൊയ്ത്ര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിടുകയും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നതാണ്.
സെപ്റ്റംബർ 19-ന് സൗരവ് ബാനർജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിധാനഗർ സൈബർ ക്രൈം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മക്തൂബിന്റെ എക്സ് അക്കൗണ്ടിലെയും യൂട്യൂബ് ചാനലിലെയും പോസ്റ്റുകൾ മതസ്പർദ്ധ വളർത്തുന്നതും ക്രമസമാധാനം തകർക്കുന്നതുമാണെന്നാണ് പരാതിക്കാരന്‍റെ ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളിലാണ് കേസ് ചുമത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മക്തൂബിന്‍റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വിവരങ്ങളും ആൻഡ്രോയിഡ് ഡിവൈസ് വിശദാംശങ്ങളും കൈമാറാൻ പൊലീസ് എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഐ.ടി നിയമപ്രകാരമുള്ള നിർദേശത്തെ തുടർന്ന് മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ അടങ്ങിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് മെറ്റ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

