Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂട്ടാനിൽ മഞ്ഞുതടാകം പൊട്ടിയൊഴുകി; ബംഗാളിൽ പ്രളയഭീതി, നദികളിൽ നിരീക്ഷണം ശക്തം

text_fields
bookmark_border
ഭൂട്ടാനിൽ മഞ്ഞുതടാകം പൊട്ടിയൊഴുകി; ബംഗാളിൽ പ്രളയഭീതി, നദികളിൽ നിരീക്ഷണം ശക്തം
cancel

കൊൽക്കത്ത: ഭൂട്ടാനിൽ മഞ്ഞുതടാകം പൊട്ടിയൊഴുകിയതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ വടക്കൻ മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ചയാണ് ബംഗാളിലെ ഡുവാർസ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ അധികൃതർ ജാഗ്രത ശക്തമാക്കിയത്. ഭൂട്ടാനിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം നദികളിലെ ജലനിരപ്പ് ഉയർത്താനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഭൂട്ടാനിലെ ഗാസ ജില്ലയിൽ വാകില പർവതത്തിന് താഴെയുള്ള ഷിന്റാഫു മഞ്ഞുതടാകമാണ് പൊട്ടിയൊഴുകിയതെന്ന് ഭൂട്ടാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തടാകം പൊട്ടിയൊഴുകിയതിന്റെ വ്യാപ്തിയും അതിന്റെ തുടർന്നുള്ള പ്രത്യാഘാതങ്ങളും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയതായി ഭൂട്ടാൻ ബ്രോഡ്കാസ്റ്റിങ് സർവീസ് റിപ്പോർട്ട് ചെയ്തു.

ഭൂട്ടാനിലെ അപകടസാധ്യതയുള്ള മഞ്ഞുതടാകങ്ങളിലൊന്നായാണ് ഷിന്റാഫു തടാകം കണക്കാക്കപ്പെടുന്നത്. തടാകത്തിലെ ജലപ്രവാഹം താഴേക്ക് ഒഴുകിയെത്തിയാൽ അതിർത്തി കടന്നുള്ള നദികളിലും സമീപപ്രദേശങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാകുമോയെന്നാണ് അധികൃതർ നിരീക്ഷിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഡുവാർസ് മേഖലയിലൂടെ ഒഴുകുന്ന സങ്കോഷ് നദിയുടെ തീരപ്രദേശങ്ങളിലാണ് പ്രധാനമായും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. അലിപുർദ്വാർ ജില്ലയിലെ കുമാർഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

സങ്കോഷ് നദിയുടെ സമീപപ്രദേശങ്ങളിലുൾപ്പെടെ ഡുവാർസിന്റെ ചില ഭാഗങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ ആഭ്യന്തര, മലയോരകാര്യ സഹമന്ത്രി ബിശാൽ ലാമ പറഞ്ഞു. തടാകം പൊട്ടിയൊഴുകിയതിന്റെ യഥാർഥ വ്യാപ്തി വ്യക്തമാകാത്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കഴിഞ്ഞ ആഗസ്റ്റിൽ നേപ്പാളിലുണ്ടായ മഞ്ഞുമല തകർച്ചയും തുടർന്നുണ്ടായ മിന്നൽ പ്രളയവും മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. മഞ്ഞുമലയിൽനിന്ന് വലിയ അളവിലുള്ള മഞ്ഞും പാറക്കല്ലുകളും മറ്റ് അവശിഷ്ടങ്ങളും അടർന്നുവീണ് താഴേക്ക് കുതിച്ചെത്തുന്ന പ്രതിഭാസമാണ് ഹിമാനി തകർച്ച.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - West Bengal on alert after Bhutan glacial lake outburst, authorities monitor Sankosh river
Next Story