പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ കർശന നടപടി, കുറ്റവാളികളുടെ പട്ടിക കൈമാറി സി.ഇ.ഒ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നവർക്കും തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) നിർദേശം നൽകി. കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ പട്ടിക സഹിതം ഡി.ജി.പിക്ക് അയച്ച കത്തിലാണ് സി.ഇ.ഒയുടെ കർശനമായ താക്കീത് നൽകിയത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാധ്യതയുള്ളവരുടെ പേരുവിവരങ്ങൾ വിവിധ മണ്ഡലങ്ങളിൽനിന്നും പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നും ശേഖരിച്ചാണ് പൊലീസ് നിരീക്ഷകൻ ഡി.ജി.പിക്ക് കൈമാറിയത്. വോട്ടർമാരെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ നിയമപരമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.
പട്ടികയിലുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ആവശ്യമായ പക്ഷം കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ പട്രോളിങും സംശയനിഴലിലുള്ളവരുടെ നീക്കങ്ങളിൽ ശക്തമായ നിരീക്ഷണവും ഉണ്ടാവും.
പൊലീസ് സംവിധാനത്തിന്റെ എല്ലാ തലങ്ങളിലേക്കും ഈ സന്ദേശം അടിയന്തരമായി കൈമാറണമെന്ന് സി.ഇ.ഒ ആവശ്യപ്പെട്ടു. വോട്ടർമാരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും, ക്രമസമാധാന പാലനത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും സി.ഇ.ഒ ഓഫീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

