ആറു മാസത്തിനകം 'ലൗ ജിഹാദി'നും 'ലാൻഡ് ജിഹാദി'നുമെതിരെ കർശന നിയമം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
text_fieldsസുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആറു മാസത്തിനകം 'ലൗ ജിഹാദ്', 'ലാൻഡ് ജിഹാദ്' എന്നിവയ്ക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ മാതൃകയിൽ ബംഗാളിലും ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അധ്യക്ഷൻ അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടനാ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുകയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ ഇന്ത്യൻ സംസ്കാരം, സനാതന പാരമ്പര്യങ്ങൾ, ക്ഷേത്രങ്ങൾ, മഠങ്ങൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. 'രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടത്താൻ ഈ സർക്കാർ ഒരുകാരണവശാലും അനുവദിക്കില്ല,' വിഘടനവാദ ശക്തികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി സമിതി; യു.സി.സി കരട് പരിശോധിക്കുന്നു
പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ഉന്നതതല സമിതിക്ക് സംസ്ഥാന സർക്കാർ ഇതിനകം രൂപം നൽകിയിട്ടുണ്ട്. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് യു.സി.സിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു യു.സി.സി നടപ്പാക്കൽ.
'ഞങ്ങൾക്ക് ആറുമാസത്തെ സമയം തരൂ; ഉത്തരാഖണ്ഡിന്റെയും ഗുജറാത്തിന്റെയും മാതൃകയിൽ യു.സി.സി കൊണ്ടുവരുന്നതിനൊപ്പം ലൗ ജിഹാദിനും ലാൻഡ് ജിഹാദിനുമെതിരെ ശക്തമായ നിയമനിർമാണം ഞങ്ങൾ നടത്തും,' സുവേന്ദു അധികാരി വ്യക്തമാക്കി.
തൃണമൂലിന്റെ പതനകാരണം ഹിന്ദുവികാരം വ്രണപ്പെടുത്തിയത്; 1,000 കോടിയുടെ തീർത്ഥാടന പദ്ധതി
മുൻ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സർക്കാരിന്റെ പതനത്തിന് പല കാരണങ്ങളുണ്ടെങ്കിലും ഹിന്ദുവികാരങ്ങളെയും ഹൈന്ദവ ആചാരങ്ങളെയും ആരാധനാമൂർത്തികളെയും നിരന്തരമായി വ്രണപ്പെടുത്തിയതാണ് ഏറ്റവും പ്രധാന കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാമജന്മഭൂമി പ്രക്ഷോഭത്തിൽ വിദ്യാർഥി വോളന്റിയറായി പങ്കെടുത്ത കാര്യങ്ങൾ അനുസ്മരിച്ച അദ്ദേഹം, 2021 മുതൽ 2026 വരെ പ്രതിപക്ഷ നേതാവായിരുന്ന കാലയളവിലുടനീളം ബംഗാളിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി പോരാടിയിട്ടുണ്ടെന്നും പറഞ്ഞു.
സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ള ബൃഹത്തായ 'റിലീജിയസ് ടൂറിസം സർക്യൂട്ട്' രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്നും ഇതിനായി 1,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലേക്ക് പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും സഹകരണവും തേടിയിട്ടുണ്ട്.
വരുന്ന നവംബറിൽ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ 20,000 പേർ പങ്കെടുക്കുന്ന ഹനുമാൻ ചാലിസ പാരായണവും, ഡിസംബർ 29-ന് 10 ലക്ഷം പേർ പങ്കെടുക്കുന്ന മഹാ ഗീതാ പാരായണവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം നടക്കുന്ന ഗംഗാസാഗർ മേള അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ സർക്കാർ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

