ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അധികാരത്തിലേറിയത് ആദ്യ ബി.ജെ.പി സർക്കാർ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലേറുമ്പോൾ സർക്കാറിനെ നയിക്കുക സുവേന്ദു അധികാരി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മറ്റ് കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻ.ഡി.എ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. വെള്ളിയാഴ്ച ഗവർണർ ആർ.എൻ. രവിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ സുവേന്ദു അധികാരി അവകാശവാദം ഉന്നയിച്ചിരുന്നു. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.
ഒരുകാലത്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ അടുത്ത രാഷ്ട്രീയ അനുയായിയും വിശ്വസ്തനുമായിരുന്നു 55കാരനായ സുവേന്ദു അധികാരി. മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ മകനായ സുവേന്ദു, ബംഗാളിൽ ഇടതുപക്ഷം ശക്തമായിരുന്ന സമയത്ത് കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അവിടെ മമതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന അദ്ദേഹം 2020ലാണ് തൃണമൂൽ വിട്ട് ബി.ജെ.പി പാളയത്തിലെത്തുന്നത്. തൃണമൂൽ കോൺഗ്രസ് എം.പിയായ അഭിഷേക് ബാനർജിയുമായുള്ള ശത്രുതയാണ് തൃണമൂൽ വിടാൻ കാരണമെന്നാണ് റിപ്പോർട്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽനിന്ന് മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം. 2026ലെ തെരഞ്ഞെടുപ്പിൽ സുവേന്ദു നന്ദിഗ്രാമിൽനിന്നും ഭബാനിപൂരിൽനിന്നും ജനവിധി തേടിയിരുന്നു. മമതയുടെ മണ്ഡലമായിരുന്നു ഭബാനിപൂർ. രണ്ട് സീറ്റുകളിലും സുവേന്ദു അധികാരി ജയിച്ചു. 2011 മുതൽ തുടർച്ചയായ മൂന്നുവർഷം പശ്ചിമബംഗാൾ ഭരിച്ച തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും അധികാരത്തിൽനിന്ന് പുറത്താക്കിയാണ് സുവേന്ദു അധികാരത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

