'ഞങ്ങൾ വിശുദ്ധരൊന്നുമല്ല'; ബി.ജെ.പിക്കൊപ്പം പോയതിനെ കുറിച്ച് അജിത് പവാർ
text_fieldsമുംബൈ: എൻ.സി.പിയുടെ 26ാം സ്ഥാപകാഘോഷം പുനെയിൽ നടന്നു. ശരദ് പവാർ വിഭാഗത്തിന്റെ അജിത് പവാർ വിഭാഗത്തിന്റെയും ലയനമായിരുന്നു പരിപാടിയിലെ പ്രധാന ചർച്ചാവിഷയം. ഇരുവിഭാഗങ്ങളും സമാന്തരമായാണ് പാർട്ടിയുടെ സ്ഥാപകദിനം ആഘോഷിച്ചത്.
2023ലാണ് സ്വന്തം അമ്മാവനായ ശരദ് പവാർ സ്ഥാപിച്ച എൻ.സി.പി പിളർത്തി അജിത് പവാർ എൻ.ഡി.എ സഖ്യത്തിനൊപ്പം കൂട്ടുകൂടിയത്. അന്ന് എൻ.ഡി.എക്കൊപ്പം പോയ തീരുമാനത്തെ ന്യായീകരിക്കാൻ അജിത് പവാർ ശ്രമിക്കുകയും ചെയ്തു. ''പ്രതിപക്ഷത്തിരുന്നത് കൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ പ്രതിഷേധ മാർച്ച് നടത്തിയതുകൊണ്ടോ ഒന്നുമാവില്ല. ഞങ്ങളാരും വിശുദ്ധരല്ല. ഞങ്ങളിവിടെ വന്നത് മാർഗനിർദേശം നൽകാനാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ്. ഉൾപ്പെടുത്തലിന്റെ രാഷ്ട്രീയം പരിശീലിക്കാൻ കൂടിയാണ്.''-അജിത് പവാർ പറഞ്ഞു.
ബി.ജെ.പിയുമായും മഹായുതി സഖ്യത്തിനൊപ്പവും കൈകോർക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ ചിലയാളുകൾ ചോദ്യം ചെയ്തിരുന്നു. 2019ൽ ഞങ്ങൾ ശിവസേനയുമായി സഖ്യത്തിലായില്ലേ? അതിനു ശേഷവും വിട്ടുവീഴ്ചകൾ ചെയ്തു.-അജിത് പവാർ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻ.ഡി.എക്കൊപ്പമുണ്ടായിരുന്ന കാര്യവും അജിത് പവാർ എടുത്തുപറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്. പിന്നാക്ക വിഭാഗക്കാരുടെ വികസനവും പുനരുദ്ധാരണവുമാണത്.-അജിത് പവാർ പറഞ്ഞു.
അതിനിടെ, സുപ്രിയ സുലെയുടെ നേതൃത്വത്തിലാണ് ശരദ് പവാർ വിഭാഗം പാർട്ടിയുടെ സ്ഥാപക ദിനം ആഘോഷിച്ചത്. അജിത് പവാർ വിഭാഗവുമായുള്ള ലയനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ കൃത്യമായ മറുപടി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

