'മരണം കണ്ടുനിൽക്കുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല' ബത്ര ആശുപത്രി അധികൃതർ
text_fieldsന്യൂഡൽഹി: മരണം കണ്ടുനിൽക്കുകയല്ലാതെ തങ്ങളുെട മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നുവെന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രി അധികൃതർ. ഓക്സിജൻ തീർന്നതിനെത്തുടർന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ എട്ട് രോഗികളാണ് ഇന്ന് ഉച്ചക്ക് മരിച്ചത്. ആശുപത്രിയിലെ തന്നെ ഗ്യാസ്ട്രോ വിഭാഗം തലവൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
ഒരുമണിക്കൂറും 20 മിനിറ്റുമാണ് ഇവിടെ ഓക്സിജൻ നിലച്ചത്. ഓക്സിജൻ ക്ഷാമം മൂലം വളരെ ഗുരുതമായ അവസ്ഥയിലുള്ള ആറ് കോവിഡ് രോഗികളുടെ ജീവൻ നിലനിർത്താനുള്ള പ്രയത്നത്തിലാണ് ഇപ്പോഴും ആശുപത്രി അധികൃതർ. 300 കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്.
ഒരാഴ്ചയായി ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. പത്ത്-പതിനഞ്ച് മിനിറ്റുകൾ എല്ലാ ദിവസവും ഓക്സിജൻ നിലക്കാറുണ്ട്. എന്നാൽ ഇന്ന് ഒന്നര മണിക്കൂറോളം ഓക്സിജൻ ലഭിക്കാതിരുന്നതാണ് സ്ഥിതി വഷളാക്കിയത്. ബത്ര ആശുപത്രി ഡയറക്ടർ എസ്.സി.എൽ ഗുപ്ത പറഞ്ഞു.
ഓക്സിജനില്ലാതെ രോഗികൾ നമ്മുടെ കൺമുന്നിൽ വെച്ച് മരിക്കുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന തികച്ചും നിസ്സഹായമായ അവസ്ഥയിലായിരുന്നു ഞങ്ങൾ. ഞങ്ങൾ സിലിണ്ടറുകൾ മാറി മാറി ഘടിപ്പിച്ചുനോക്കി. അതകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഒന്നര മണിക്കൂർ ഓക്സിജൻ തടസ്സപ്പെടുക എന്നത് നീണ്ട ഇടവേളയാണ്. എസ്.സി.എൽ ഗുപ്ത പറഞ്ഞു.
ബത്ര ആശുപത്രിയിലേക്ക് ഓക്സിജൻ സപ്ലൈ ചെയ്തിരുന്നയാൾ വീഴ്ച വരുത്തിയതാണ് മരണത്തിന് കാരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി രാഘവ് ചന്ദ പറഞ്ഞു.
300 കോവിഡ് രോഗികൾ ഉള്ള ആശുപത്രിയിലെ 260 പേർക്ക് ഓക്സിജൻ ആവശ്യമായിരുന്നുവെന്ന് ബത്ര ആശുപത്രി അധികൃതർ കോടതിയിൽ അറിയിച്ചു. എന്ത് മാർഗമുപയോഗിച്ചും ബത്ര ആശുപത്രിക്ക് വേണ്ട ഓക്സിജൻ എത്തിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
