നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. രാജ്യദ്രോഹ നിയമത്തിനെതിരായ ഹരജികളിൽ ഇന്നലെ വാദം കേൾക്കുന്നതിനിടെയായിരുന്നു കേന്ദ്ര സർക്കാറിന്‍റെ അവകാശവാദം.
രാജ്യദ്രോഹക്കുറ്റം നിന്ദ്യമാണെന്നും ഒരുഘട്ടം കഴിയുമ്പോൾ ഇത് ഒഴിവാക്കേണ്ടിവരുമെന്നും നെഹ്റു പറഞ്ഞിരുന്നതായി ഹരജിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞത്.
രാജ്യദ്രോഹ നിയമത്തിന്റെ പുനഃപരിശോധനയ്ക്ക് എത്രകാലം വേണ്ടിവരുമെന്നു സുപ്രീംകോടതി കേന്ദ്ര സർക്കാറിനോടു ചോദിച്ചു. നടപടികൾ തുടങ്ങിയെന്നും കൃത്യമായ സമയപരിധി പറയാൻ തനിക്കു കഴിയില്ലെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.
ഹർജികൾ പരിഗണിക്കുന്നതു മാറ്റിവയ്ക്കാമെങ്കിലും നിയമത്തിലെ ദുരുപയോഗം സംബന്ധിച്ച ആശങ്ക സോളിസിറ്റർ ജനറൽ പോലും പങ്കുവച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി. കേസ് ചുമത്തുന്നതും അന്വേഷണം നടത്തുന്നതും സംസ്ഥാന സർക്കാറുകളാണെന്നായിരുന്നു തുഷാർ മേത്തയുടെ പ്രതികരണം. പരാതികൾക്കു ഭരണഘടനാപരമായ പരിഹാരമുണ്ടെന്നും പറഞ്ഞു. എന്നാൽ ഇതു നിസ്സാരമായി കാണാനാകില്ലെന്നും നിയമത്തിന്റെ ദുരുപയോഗം വഴി ജയിലിലടയ്ക്കപ്പെട്ടവരും ഇനി ജയിലിലാകാൻ പോകുന്നവരുമുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-എ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഒരു കൂട്ടം ഹരജികൾ മുൻനിർത്തി നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിച്ചത്. നിയമം മാറ്റേണ്ട കാര്യമില്ലെന്നും ദുരുപയോഗം ഇല്ലാതാക്കാൻ മാർഗരേഖ കൊണ്ടുവന്നാൽ മതിയെന്നും വാദിച്ചിരുന്ന കേന്ദ്രം നാടകീയമായാണ് രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് നിലപാട് മാറ്റിയത്.