വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഗുജറാത്തില്‍ ഘടകമായി
text_fieldsന്യൂഡല്‍ഹി: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ഗുജറാത്ത് സംസ്ഥാന ഘടകമായി. അഹ്മദാബാദിലെ അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ബദല്‍ രാഷ്ട്രീയം തേടുന്നവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സന്ദിഗ്ധ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വൈവിധ്യങ്ങളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും അടിച്ചമര്‍ത്തുകയും പ്രത്യേകതരം സംസ്കാരം അടിച്ചേല്‍പിക്കുകയും ചെയ്യുകയാണ്. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ചിലര്‍ പാക് ചാരസംഘടനക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി മധ്യപ്രദേശില്‍നിന്നു വന്ന വാര്‍ത്ത, മറ്റുള്ളവരുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നവരുടെ തനിനിറം പുറത്തുകാണിക്കുന്നതാണ് -അദ്ദേഹം പറഞ്ഞു.
പാവങ്ങളെ അവഗണിക്കുകയും കോര്‍പറേറ്റുകളെ സഹായിക്കുകയും ചെയ്യുന്ന ശൈലിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍ ഇല്യാസ് അഭിപ്രായപ്പെട്ടു. സുഖ്ദേവ് പട്ടേല്‍, അഡ്വ. രഘുനാഥ് ചാര, ഡോ. സുരേന്ദ്ര പാല്‍ ഗൗഥം, രാജു സോളങ്കി, ശംസുദ്ദീന്‍ പീര്‍സാദ എന്നിവര്‍ സംസാരിച്ചു. ശാഫി മദനി സ്വാഗതവും ഇക്റാം മിര്‍സ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
