ഉഡുപ്പി ശ്രീകൃഷ്ണമഠം പരിസരത്ത് വിവാഹ ഷൂട്ടിങ് വിലക്കി
text_fieldsമംഗളൂരു: പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണമഠത്തിന് സമീപമുള്ള രഥ ബീഡിയിൽ (കാർ സ്ട്രീറ്റ്) വിവാഹ ഷൂട്ടിങ് വിലക്കി. ഭക്തരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അനുചിതവും അപമാനകരവുമായ വിഡിയോകൾ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പര്യയ പുത്തിഗെ മഠം തീരുമാനിച്ചു. വിവാഹത്തിന് മുമ്പുള്ള ഷൂട്ടിങ്ങുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, ഇത് അനുചിതവും അപമാനകരവുമാണെന്ന് മഠം കരുതുന്നതായി മഠം വക്താവ് ഗോപാൽ ആചാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവാഹത്തിന് മുമ്പുള്ള അനുചിതവുമായ വിഡിയോ ഷൂട്ടിങ്ങുകളിൽ പര്യയ പുത്തിഗെ മഠം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആരാധനാലയത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇത്. രഥബീഡിയുടെ ആത്മീയ പ്രാധാന്യം വിശിഷ്ടമാണ്. അവിടെ വിവിധ ഉത്സവങ്ങൾ നടക്കുന്നു. വിശിഷ്ട വ്യക്തികളും പതിവായി സന്ദർശിക്കാറുണ്ട്. അത്തരമൊരു പുണ്യസ്ഥലത്ത് വ്യക്തിപരമായ ഭാവനകളെ അടിസ്ഥാനമാക്കിയുള്ള വിഡിയോകൾ, പ്രത്യേകിച്ച് അശാസ്ത്രീയവും അനാദരവുമുള്ളവ, ചിത്രീകരിക്കുന്നത് ഉചിതമല്ല -വക്താവ് പറഞ്ഞു.
വ്യക്തിപരമായതും വിവാഹത്തിന് മുമ്പുള്ളതുമായ ചിത്രീകരണങ്ങൾ ഭക്തർക്കും സന്ദർശകർക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് ആചാര്യ പറഞ്ഞു. ഇനി മുതൽ പ്രദേശത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമായ വിഡിയോ ചിത്രീകരണങ്ങൾ രഥബീഡിയിലും രഥത്തിനും കൃഷ്ണ മഠത്തിനും അനുബന്ധ സ്ഥലങ്ങൾക്കും മുന്നിൽ അനുവദിക്കില്ലെന്ന് പര്യായ പുത്തിഗെ മഠത്തിലെ സുഗുണേന്ദ്ര തീർത്ഥ സ്വാമി തീരുമാനിച്ചതായി ആചാര്യ അറിയിച്ചു. പൊതുജനങ്ങൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മഠം അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

