ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനായുള്ള ആയുധ സംഭരണം പാതിവഴിയിലെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് . പ്രതിരോധ സഹമന്ത്രി സുഭാഷ് ബൂമ്റെ തയ്യാറാക്കിയ റിപ്പോർട്ടിൽ ആയുധ കരാറുകൾ നീളുന്നതിന്‍റെ 27 കാരണങ്ങളാണ് പ്രതിപാദിക്കുന്നത്. കരാറുകളിലുണ്ടാകുന്ന കാലതാമസം, തീരുമാനങ്ങളിലെ ഭിന്നത, കൃത്യമായ മേൽ നോട്ടത്തിന്‍റെ അഭാവം എന്നിയെല്ലാം ആയുധ സംഭരണത്തെ പിന്നോട്ടടിക്കുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞു.
2014ലെ മേക്ക് ഇൻ ഇന്ത്യ പദ്ധതി ആയുധകരാറുകളിലുള്ള കാലതാമസം മാറ്റി എടുക്കുന്നതിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത് എന്നാൽ ഇത് പൂർണ്ണമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടയിലുണ്ടാക്കിയ 144 ആയുധ കരാറുകളിൽ ചിലത് മാത്രമാണ് പൂർത്തിയായതെന്നും റിപ്പോർട്ടിലുണ്ട്.
സൈനിക ആസ്ഥാനങ്ങളിൽ നിന്നും ആവശ്യമുള്ള ആയുധങ്ങളുടെ വിവരം കൃത്യമായി ലഭിക്കാത്തതും, ആയുധ പരീക്ഷണത്തിലുണ്ടാകുന്ന കാലതാമസവും, തുക സംബന്ധിച്ച പ്രശ്നങ്ങളും കരാറുകൾ നീണ്ടു പോകാൻ കാരണമാവുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു