ചൈനയിലും തുർക്കിയിലും നിർമിച്ച ആയുധങ്ങൾ പാകിസ്താൻ വഴി ഇന്ത്യയിൽ എത്തിച്ചു; ഡൽഹിയിൽ ആയുധക്കടത്ത് സംഘം പിടിയിൽ
text_fieldsപൊലീസിന്റെ പിടിയിലായവർ
ന്യൂഡൽഹി: വിദേശ നിർമിത ആയുധങ്ങൾ രാജ്യത്ത് വിതരണം ചെയ്ത ആയുധക്കടത്ത് സംഘം ഡൽഹി പൊലീസിന്റെ പിടിയിൽ. ചൈനയിലും തുർക്കിയിലുമായി നിർമിച്ച തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെയാണ് സംഘം പിടിയിലാകുന്നത്. പാകിസ്താനിലെ ഇന്റർ-സർവീസ് ഇന്റലിജൻസുമായി (ഐ.എസ്.ഐ) ബന്ധമായുള്ള സംഘം ഡ്രോൺ ഉപയോഗിച്ചാണ് ആയുധങ്ങൾ കടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഘത്തിലെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പഞ്ചാബിലെ കൊടും കുറ്റവാളിയായ മൻദീപ്, സഹായികളും ഉത്തർപ്രദേശ് സ്വദേശികളുമായ രോഹൻ, മോനു എന്നിവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. പിടിയിലാകുമ്പോൾ 10 തോക്കുകളും 92 വെടിയുണ്ടകളും സംഘം കൈവശം വെച്ചിരുന്നു. സോനു ഖത്രി സംഘത്തിൽ ഉൾപ്പെട്ട മൻദീപ് കൊലപതാക കേസുകളിൽ വരെ പ്രതിയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡ്രോണുകളിൽ കടത്തിയ ആയുധങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കുകയും സംഘം അത് ശേഖരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തതായും പൊലീസ് പറഞ്ഞു. പിടിക്കപെടാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് ആയുധങ്ങൾ കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സംഘത്തിന്റെ പ്രധാന നേതാവ് ജസ്പ്രീത് എന്ന ജസ്സ ആണെന്നാണ് ഊഹം. ഇയാൾ അമേരിക്കയിൽ സ്ഥിര താമസക്കാരനാണ്. അവിടെ നിന്നും പാകിസ്താനുമായി നേരിട്ട് ബന്ധപ്പെട്ടാണ് ഇയാൾ ഇതെല്ലം നിയന്ത്രിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. പിടിയിലായവരുടെ മൊബൈൽ ഫോൺ, ബാങ്ക് വിവരങ്ങൾ, സാമൂഹിക മാധ്യമ റിപോർട്ടുകൾ എന്നിവ പരിശോധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ചെങ്കോട്ടയിൽ നടന്ന ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ വർധിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധസംഘം പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

