ഇന്ത്യയിലെ അതി സമ്പന്നരെല്ലാം നാടു വിടുന്നു; പൗരത്വം ഉപേക്ഷിക്കുന്ന അതി സമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്
text_fieldsഅതിസമ്പന്നരായ ആയിരക്കണക്കിനാളുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് സിംഗപ്പൂർ, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോർചുഗല്‍, ന്യൂസിലന്‍ഡ്, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരായി. ലളിതമായ നികുതിഘടന, മികച്ച ബിസിനസ് അന്തരീക്ഷം, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം, നല്ല ജീവിതനിലവാരം, മികച്ച സാമൂഹികാന്തരീക്ഷം എന്നിവയാണ് മുകളിൽ പറഞ്ഞ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
അതിസമ്പന്നർ പൗരത്വമുപേക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് രണ്ടാമതാണ്. ചൈനയാണ് ഇക്കാര്യത്തിൽ മുന്നിൽ. 2024ൽ 4300 കോടീശ്വരന്മാർ ഇന്ത്യ വിട്ടു. 2023ൽ 6500ഉം 2022ൽ 7500ഉം അതിസമ്പന്നർ ഇന്ത്യൻ പൗരത്വമുപേക്ഷിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൊഴിഞ്ഞുപോക്കിൽ കുറവുണ്ട് എന്നത് ആശ്വാസമാണ്. അതിസമ്പന്നരായ ഇന്ത്യക്കാരിൽ 22 ശതമാനം പേരെങ്കിലും രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെന്നാണ് വെൽത്ത് മാനേജറായ കൊടക് പ്രൈവറ്റ് 12 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പലരും കുടിയേറ്റത്തിന് തയാറാവുന്നതിന്റെ ഭാഗമായി വിദേശത്ത് ആസ്തി സ്വന്തമാക്കിത്തുടങ്ങി.
25 കോടി രൂപയിലേറെ ആസ്തിയുള്ളവരെയാണ് അതിസമ്പന്നർ (അൾട്രാ ഹൈ നെറ്റ്‍വർത്ത് ഇൻഡിവിജ്വൽ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. രാജ്യത്ത് ഇത്തരം 2.83 ലക്ഷം പേരുണ്ടെന്നാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെയെല്ലാം ആസ്തികൾ ചേർന്നാൽ 2.83 ലക്ഷം കോടിയിലധികം വരും. അതേസമയം, കൊഴിഞ്ഞുപോക്കിനേക്കാൾ കൂടിയ നിരക്കിൽ പുതിയ അതിസമ്പന്നർ ഉണ്ടായിവരുന്നുമുണ്ട്. 2028ഓടെ അതിസമ്പന്നരുടെ എണ്ണം 4.3 ലക്ഷവും ഇവരുടെ ആകെ ആസ്തി 359 ലക്ഷം കോടിയുമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

