അഗർത്തല: ത്രിപുരയിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന ചെങ്കൊടിയും പിഴുതെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അധികാരത്തിലേറിയാൽ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിപുര തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കും. ത്രിപുരക്കാർ നൽകുന്ന സ്നേഹത്തിന് വികസനത്തിലൂടെ മറുപടി നൽകും. വികസനത്തിന്‍റെ കൊടുമുടിയിൽ സംസ്ഥാനത്തെ എത്തിക്കും. അടുത്ത മുഖ്യമന്ത്രിയായി ബി.ജെ.പി പ്രതിനിധി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്നും മോദി വ്യക്തമാക്കി.
തെരുവിലെ ട്രാഫിക് സിഗ്നൽ പോലെയാണ് ത്രിപുരയിലെ വികസനം. ജനങ്ങൾ മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ ചുവപ്പ് സിഗ്നൽ കാണിച്ച് ഇടതു സർക്കാർ പുരോഗമനം തടയുന്നു. മന്ദഗതിയിൽ പോകുന്ന വാഹനങ്ങളെ പോലും ചുവപ്പ് സിഗ്നൽ പിടിച്ചു നിർത്തുന്നു. വികസനത്തിന്‍റെ വേഗതയാണ് ഇടതുപക്ഷം ഇല്ലാതാക്കുന്നതെന്നും മോദി ആരോപിച്ചു.
രണ്ട് പതിറ്റാണ്ടായി ഭരണത്തിലുള്ള ഇടതുപക്ഷം അധികാരത്തിന്‍റെ ശക്തി കൊണ്ട് തെരഞ്ഞെടുപ്പ് വരെ നിയന്ത്രിക്കുകയാണ്. വോട്ടർമാരിൽ ഭീതി പരത്തി ഇടതിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർബന്ധിതരാക്കുന്നു. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും മോദി കൂട്ടിച്ചേർത്തു.