Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടുമെന്ന് സംയുക്ത സൈനിക മേധാവി

text_fields
bookmark_border
General Anil Chauhan
cancel

ന്യൂഡൽഹി: രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് നേരിടുമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയുക്ത സൈനിക മേധാവി എന്ന നിലയിൽ മൂന്ന് പ്രതിരോധ സേനകളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കും. ഇന്ത്യൻ സായുധ സേനയിലെ ഏറ്റവും ഉയർന്ന പദവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.

രാജ്യത്തിന്‍റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായാണ് (സി.ഡി.എസ്) റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റത്. പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് അനിൽ ചൗഹാന്‍റെ നിയമനം.

40 വർഷത്തെ സൈനിക സേവനത്തിന് ശേഷം സേനയുടെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021 മെയിലാണ് ലെഫ്. ജനറൽ അനിൽ ചൗഹാൻ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്ക് കിഴക്കൻ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവർത്തനങ്ങളിൽ വിപുലമായ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. സൈന്യത്തിലെ സ്തുത്യർഹ സേവനത്തിന്, പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, സേവ മെഡൽ എന്നിവ നേടിയിട്ടുണ്ട്.

സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സി.ഡി.എസിന്‍റെ ചുമതലയാണ്. മേക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - We will tackle all challenges & difficulties together - CDS General Anil Chauhan
Next Story