‘ഞങ്ങൾ സി.ഇ.സിയെ തിരയുകയായിരുന്നു, പക്ഷേ കണ്ടത് ഒരു പുതിയ ബി.ജെ.പി വക്താവിനെ’; തെരഞ്ഞെടുപ്പ് കമീഷനെതിരെ ഒറ്റക്കെട്ടായി ആക്രമണ മുന കൂർപ്പിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പി വക്താവിനെപ്പോലെ പെരുമാറുന്നുവെന്നും തങ്ങളുന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം നൽകുന്നില്ലെന്നും തുറന്നടിച്ച് പ്രതിപക്ഷം. കമീഷണറുടെ വാർത്താ സമ്മേളനത്തിനു പിന്നാലെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ കോൺഗ്രസ്, തൃണമൂൽ, എ.സ്.പി, ഡി.എം.കെ, ആർ.ജെ.ഡി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ സി.ഇ.സിക്കെതിരെ ഒറ്റക്കെട്ടായി ആഞ്ഞടിച്ചു.
ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനുപകരം പത്രസമ്മേളനത്തെ തങ്ങളെ ആക്രമിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം സംബന്ധിച്ച ചോദ്യങ്ങൾക്കും വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും മറുപടി നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.
‘വോട്ടർ തട്ടിപ്പിനെക്കുറിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ സി.ഇ.സി വിശദീകരണമോ അഭിപ്രായമോ നൽകിയിട്ടില്ല. ആരോപിക്കുന്ന ഡാറ്റ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ നിയമപരമായി ദുർബലമായ ആവശ്യം ആവർത്തിക്കുക മാത്രമാണ് ചെയ്തത്.
തുല്യത ഉറപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരല്ല ഇ.സിയെ നയിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി. വോട്ടർ തട്ടിപ്പിനെക്കുറിച്ച് അർഥവത്തായ അന്വേഷണം നടത്താനുള്ള ഏതൊരു ശ്രമത്തെയും കമീഷനെ നയിക്കുന്നവർ വഴിതിരിച്ചുവിടുകയും തടയുകയും ചെയ്യുന്നുവെന്നും പകരം ഭരണകക്ഷിയെ വെല്ലുവിളിക്കുന്നവരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇപ്പോൾ വ്യക്തമായി. ഇതൊരു ഗുരുതരമായ കുറ്റപത്രമാണ്’- സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ബിഹാർ എസ്.ഐ.ആർ ഇത്ര തിടുക്കത്തിലും തയ്യാറെടുപ്പില്ലാതെയും താൽക്കാലികമായും നടത്തിയത് എന്തുകൊണ്ടാണെന്ന് സി.ഇ.സി ഒരു അഭിപ്രായമോ വിശദീകരണമോ നൽകിയില്ല. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ കടമ നിർവഹിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും കമീഷന് നേതൃത്വം നൽകുന്നവർ വോട്ടർ തട്ടിപ്പിനെക്കുറിച്ച് അർത്ഥവത്തായ അന്വേഷണം ആവശ്യപ്പെടുന്നവരെ ‘ഭീഷണിപ്പെടുത്തുന്നു’വെന്നും പ്രതിപക്ഷം ആരോപിച്ചു.
‘വോട്ടവകാശം ഒരു സാധാരണ പൗരന് ഭരണഘടന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അതിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനമാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾക്ക് സി.ഇ.സി മറുപടി നൽകിയില്ലെന്നും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും നമുക്ക് കാണാൻ കഴിഞ്ഞു’- കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും മഹാദേവപുരയിലും നടന്ന ആരോപണങ്ങളിൽ കമീഷൻ നിശബ്ദത പാലിക്കുന്നു എന്നും 45 ദിവസത്തിനുശേഷം പോളിങ് പ്രക്രിയയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവന്നത് എന്തുകൊണ്ടാണെന്നും മെഷീൻ റീഡ് ചെയ്യാവുന്ന വോട്ടർ പട്ടിക ലഭ്യമാക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് ചോദിച്ചു. പ്രതിപക്ഷം ചോദിക്കുന്ന സാധുവായ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകണമായിരുന്നു. മറിച്ച് അദ്ദേഹം രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്നലെ ഞങ്ങൾ ഞങ്ങളുടെ സി.ഇ.സിയെ തിരയുകയായിരുന്നു. പക്ഷെ, ഞങ്ങൾക്ക് ഒരു പുതിയ ബി.ജെ.പി വക്താവിനെയാണ് ലഭിച്ചത്’ എന്ന് മുതിർന്ന ആർ.ജെ.ഡി എം.പി മനോജ് കെ.ഝാ പറഞ്ഞു. കമീഷൻ ബി.ജെ.പി വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ശിവസേന (യു.ബി.ടി) ലോക്‌സഭാ നേതാവ് അരവിന്ദ് സാവന്തും ആരോപിച്ചു.
‘നിങ്ങളുടെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല. അത് നിങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക്ക് വിടുക’ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് തന്റെ പരാതിയോടൊപ്പം സത്യവാങ്മൂലം നൽകാൻ കമീഷൻ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ 2022ൽ ഏകദേശം 18,000 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി പരാതിയുള്ള സത്യവാങ്മൂലങ്ങൾ അദ്ദേഹത്തിന്റെ പാർട്ടി ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നും സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു. ‘എസ്.പി അനുകൂലികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി അഖിലേഷ് യാദവ് പറഞ്ഞപ്പോൾ, ഞങ്ങൾ അതിന്റെ സത്യവാങ്മൂലവും നൽകി. പക്ഷേ ഒരു നടപടിയും കമീഷൻ സ്വീകരിച്ചിട്ടില്ലെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

