Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിന്...

സർക്കാറിന് വിശദീകരിക്കാൻ അവസരം നൽകിയിരുന്നു, പ്രതികരിച്ചില്ല -ബി.ബി.സി

text_fields
bookmark_border
narendra modi 0988576
cancel

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായി ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിക്കെതിരെ കേന്ദ്ര സർക്കാർ രൂക്ഷ വിമർശനം നടത്തിയ പശ്ചാത്തലത്തിൽ മറുപടിയുമായി ബി.ബി.സി. ഡോക്യുമെന്‍ററിയിൽ പറയുന്ന കാര്യങ്ങളിൽ ഇന്ത്യൻ സർക്കാറിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയിരുന്നെന്നും എന്നാൽ പ്രതികരിക്കാൻ തയാറായില്ലെന്നും ബി.ബി.സി വ്യക്തമാക്കി.

വിശദമായി ഗവേഷണം ചെയ്താണ് ഡോക്യുമെന്‍ററി തയാറാക്കിയത്. വിവിധ തുറകളിൽ നിന്നുള്ളവരുടെ വാക്കുകളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി. മോദിയുടെ പാർട്ടിയായ ബി.ജെ.പിയിൽ നിന്നുള്ളവരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സർക്കാറിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകി. എന്നാൽ പ്രതികരിക്കാൻ തയാറായില്ല -ബി.ബി.സി വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. ഇത് ഇന്ത്യയിലും യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായിരുന്നു.

എന്നാൽ, ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. വിശ്വാസ്യതയില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്ന ആശയപ്രചാരണത്തിനുള്ള ആയുധമാണ് ബി.ബി.സി ഡോക്യുമെന്‍ററിയെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതിന്റെ ലക്ഷ്യങ്ങളെന്താണെന്ന കാര്യത്തിൽ സംശയമുണ്ട്. മുൻധാരണയോടെയും വസ്തുതാവിരുദ്ധവും കൊളോണിയൽ മനസ്സ് കൃത്യമായി പ്രതിഫലിക്കുന്നതുമാണിത്. ഇത്തരം കാര്യങ്ങൾ പൊലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്താണ് ഡോക്യുമെന്‍ററിയിൽ വിശദമാക്കുന്നത്

ഗുജറാത്തിൽ ലക്ഷണയുക്തമായ വംശഹത്യയിലേക്ക് സംഘർഷവും കലാപവും മാറ്റിത്തീർത്തതെങ്ങനെയെന്ന അന്വേഷണം കൂടിയാണ് ഡോക്യുമെന്‍ററിയെന്ന് ബി.ബി.സി പറയുന്നു. വംശഹത്യക്കു പിന്നാലെ ബ്രിട്ടീഷ് സർക്കാർ രൂപംനൽകിയ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഇതിലുണ്ട്. ‘ഗുജറാത്തിലെ സംഭവങ്ങളിൽ ഞാൻ ഏറെ അസ്വസ്ഥനായിരുന്നുവെന്നും നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാൽ വിഷയം അതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു’വെന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.

അക്രമസംഭവങ്ങൾ പുറത്തുവന്നതിനേക്കാൾ എത്രയോ അധികമാണ്. മുസ്‍ലിം വനിതകളെ ആസൂത്രിതമായി ബലാത്സംഗത്തിനിരയാക്കി. അക്രമങ്ങൾ രാഷ്ട്രീയപ്രേരിതമായിരുന്നു. ഹിന്ദുമേഖലകളെ മുസ്‍ലിം മുക്തമാക്കുകയായിരുന്നു കലാപ ലക്ഷ്യം. അത് മോദിയിൽനിന്ന് വന്നതാണെന്ന് സംശയാതീതമാണെന്ന് റിപ്പോർട്ടിലുണ്ടെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. 2000 പേരെങ്കിലും കൊല്ലപ്പെട്ട കലാപം മുസ്‍ലിം സമുദായത്തെ കൃത്യമായി ലക്ഷ്യമിട്ട രാഷ്ട്രീയലക്ഷ്യങ്ങളുള്ള വംശഹത്യതന്നെയാണെന്നും പേരു വെളിപ്പെടുത്താത്ത മുൻ നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. അക്രമം വ്യാപിപ്പിച്ചത് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആണ്. സംസ്ഥാന സർക്കാർ അനുകൂല സാഹചര്യം ഒരുക്കിയതുകൊണ്ടുമാത്രമാണ് അത് സാധിച്ചത്.

പൊലീസിനെ പിറകോട്ടുവലിക്കുന്നതിലും രഹസ്യമായി ഹിന്ദുത്വ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രി നരേന്ദ്ര മോദി സജീവമായെന്ന് ജാക് സ്ട്രോ ബി.ബി.സിയോട് പറഞ്ഞു. സമൂഹങ്ങളെ സംരക്ഷിക്കുകയെന്ന ജോലിയിൽനിന്ന് പൊലീസിനെ തടയുന്നത് രാഷ്ട്രീയ ഇടപെടലിന്റെ ഏറ്റവും മോശം ഉദാഹരണമായിരുന്നു. മന്ത്രിയെന്ന നിലക്ക് തനിക്ക് പരിമിതികളുണ്ടായിരുന്നെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തങ്ങൾ ഒരിക്കലും അവസാനിപ്പിക്കാവുന്ന നിലയിൽ അല്ലായിരുന്നെന്നും സ്ട്രോ തുടർന്നു. വംശഹത്യയെ തുടർന്ന് മോദിക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയ നയതന്ത്ര ഉപരോധം 2012 ഒക്ടോബറിൽ അവസാനിപ്പിച്ചു. ഈ കാലയളവിൽ യൂറോപ്യൻ യൂനിയനും ഗുജറാത്ത് സംഭവങ്ങൾ അന്വേഷിച്ചു. മന്ത്രിമാർ ആക്രമണങ്ങളിൽ സജീവമായി പങ്കെടുത്തെന്നും കലാപത്തിൽ ഇടപെടരുതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെന്നും ഈ അന്വേഷണവും കണ്ടെത്തി.

മോദി വലിയ മാധ്യമസൗഹൃദമുള്ള ആളല്ലെന്നും അതിനാൽ അദ്ദേഹം അഭിമുഖത്തിന് സമ്മതിച്ചപ്പോൾ ഒരു സ്കൂപ് കിട്ടിയതുപോലെയായിരുന്നു തോന്നിയിരുന്നതെന്നും ഗുജറാത്ത് കലാപം സംബന്ധിച്ച് മോദിയുമായി അഭിമുഖം നടത്തിയ ബി.ബി.സിയുടെ ജിൽ മക്ഗിവെറിങ് പറഞ്ഞു. കലാപത്തിലെ ഭരണകൂട പങ്ക് സംബന്ധിച്ച ആരോപണങ്ങൾ നിഷേധിച്ച മോദി ‘നിങ്ങൾ ബ്രിട്ടീഷുകാർ ഞങ്ങളെ മനുഷ്യാവകാശം പഠിപ്പിക്കേണ്ട’ എന്നു പറഞ്ഞു. കലാപവേളയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ‘മാധ്യമങ്ങളെ വേറെ രീതിയിൽ സമീപിക്കാമായിരുന്നു’ എന്നായിരുന്നു മോദിയുടെ പ്രതികരണം. മോദി അധികാരത്തിലിരിക്കുവോളം അനുരഞ്ജനസാധ്യത അസാധ്യമാണെന്ന പ്രസ്താവനയോടെയാണ് ഡോക്യുമെന്ററി പരാമർശിക്കുന്ന റിപ്പോർട്ട് അവസാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BBC Narendra ModiBBC documentary
News Summary - we offered the Indian Government a right to reply to the matters
Next Story