Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കമ്പനി അല്ല, ക്ഷേത്രം! രാമക്ഷേത്രത്തിന് വേണ്ടത് രാമസേവകൻ’ -സി.ഇ.ഒ നിയമനം ചോദ്യംചെയ്ത് അയോധ്യയിലെ സന്യാസിമാർ

text_fields
bookmark_border
‘കമ്പനി അല്ല, ക്ഷേത്രം! രാമക്ഷേത്രത്തിന് വേണ്ടത് രാമസേവകൻ’ -സി.ഇ.ഒ നിയമനം ചോദ്യംചെയ്ത് അയോധ്യയിലെ സന്യാസിമാർ
cancel
camera_alt

അയോധ്യയിലെ രാമക്ഷേത്രം

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സി.ഇ.ഒ നിയമനത്തെ ചൊല്ലി പുതിയ വിവാദം.

ക്ഷേത്ര ട്രസ്റ്റിന്റെ ഭരണ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കുന്നതിനെ പ്രമുഖ സന്യാസിമാർ എതിർത്തു. ക്ഷേത്രം ഒരു ഭരണാധികാരിയല്ല, മറിച്ച് മതപരമായ അറിവുള്ള ‘ധർമാചാര്യൻ’ അല്ലെങ്കിൽ ‘രാമസേവകൻ’ ആണ് നയിക്കേണ്ടതെന്നാണ് അവരുടെ വാദം.

ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏതാനും ദിവസം മുമ്പാണ് സി.ഇ.ഒയെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഇതുവരെ ആയിരത്തിലധികം അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ട്. അപേക്ഷ സമർപ്പിക്കാൻ ജൂലൈ 18 വരെ അവസരമുണ്ട്. അതുകൊണ്ടുതന്നെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ ലഭിച്ച അപേക്ഷകളിൽ വിരമിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ക്ഷേത്രം വ്യക്തിയുടെയോ സംഘടനയുടെയോ ഉടമസ്ഥതയിലല്ലെന്ന് സന്യാസിമാർ ചൂണ്ടിക്കാട്ടുന്നു. ജഗദ്ഗുരുവെന്ന് അറിയപ്പെടുന്ന സതീഷ് ആചാര്യയാണ് സി.ഇ.ഒ നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത്. മതത്തെക്കുറിച്ച് അറിവുള്ള സന്യാസിയാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിക്കിടെ സതീഷ് ആചാര്യ പറഞ്ഞു. ഞങ്ങൾക്ക് സി.ഇ.ഒയെ ആവശ്യമില്ലെന്നും സേവകനെയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീരാമൻ സന്നിഹിതനായിരിക്കുന്ന ക്ഷേത്രത്തിൽ സി.ഇ.ഒയുടെ ആവശ്യമില്ലെന്ന് മറ്റൊരു പ്രമുഖ സന്യാസി മഹന്ത് ധർമദാസും പറഞ്ഞു. നിലവിലെ ട്രസ്റ്റ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ കാണിക്ക പണം അപഹരിച്ച കേസിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് മഹന്ത് രാജു ദാസിന്റെ ആവശ്യം. അഖാഡകളിൽ നിന്നുള്ള മതനേതൃത്വം ക്ഷേത്രഭരണം കൈകാര്യം ചെയ്തിരുന്നെങ്കിൽ ഇത്തരം ക്രമക്കേടുകൾ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാമക്ഷേത്ര ട്രസ്റ്റ് സി.ഇ.ഒയെ തെരഞ്ഞെടുക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്‍ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണു കാന്ത് ചതുർവേദി, റിട്ട. ലഫ്റ്റനന്റ് ജനറൽ സുരേഷ് ഹവാരെ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സി.ഇ.ഒ ആയിരിക്കും ക്ഷേത്രത്തിന്റെ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങൾ ഏകോപിപ്പിക്കുക. ട്രസ്റ്റിന്റെ അനുമതിയോടെ ജീവനക്കാരെ നിയമിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും സി.ഇ.ഒക്ക് അധികാരമുണ്ടായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'We need Ram Sevaks, not CEOs': Ayodhya seers
Next Story