യുദ്ധസമാനമായ സാഹചര്യം നേരിടാൻ സദാ സജ്ജമാവണം, ആത്മപരിശോധന തുടരണമെന്നും രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: യുദ്ധസമാനമായ സാഹചര്യങ്ങളെ നേരിടാൻ രാജ്യം സദാ സജ്ജമായിരിക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മെയ് മാസത്തിൽ പാകിസ്താനുമായി അതിർത്തി കേന്ദ്രീകരിച്ചുണ്ടായ സംഘർഷം അതാണ് രാജ്യത്തെ ഓർമിപ്പിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഓപറേഷൻ സിന്ദൂറിൽ പാകിസ്താന് ശക്തമായ മറുപടി നൽകാനായി. ദേശസുരക്ഷക്കെതിരെ വെല്ലുവിളികളെ നേരിടുന്നതിൽ ഇത് നമുക്ക് പാഠമാണ്. മെയ് ഏഴുമുതൽ 10വരെ പാകിസ്താനുമായുണ്ടായ സംഘർഷത്തിൽ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളുടെ വിജയം രാജ്യത്തിന് അന്താരാഷ്ട്രതലത്തിൽ അഭിമാനിക്കത്തക്കതായി.
ആകാശ്, ബ്രഹ്മോസ് എന്നീ മിസൈലുകളുടെയും വ്യോമപ്രതിരോധ സംവിധാനമായ ആകാഷ്ടീറടക്കം തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെയും കരുത്ത് ലോകം തിരിച്ചറിഞ്ഞു.
യുദ്ധം വാതിലിൽ മുട്ടുന്നതിന് സമാനമായ സാഹചര്യമായിരുന്നു ഓപറേഷൻ സിന്ദൂറിനിടയിൽ രാജ്യം നേരിട്ടത്. കൃത്യമായ തിരിച്ചടി നൽകി രാജ്യത്തിന്റെ അതിർത്തി കാക്കാൻ നമ്മുടെ സൈന്യത്തിനായെങ്കിലും വിവിധ മേഖലകളിൽ നമ്മൾ ആത്മ പരിശോധന നടത്തുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ നിലവിൽ ഉയരുന്ന പ്രതിസന്ധികൾ ഇന്ത്യ വിവിധ മേഖലകളിൽ തദ്ദേശീയ വൽക്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ വെല്ലുവിളികളെ തദ്ദേശീയവൽക്കരണവും സ്വയം പര്യാപ്തതയും കൊണ്ടേ നേരിടാനാവൂ. ലോകസമവാക്യങ്ങൾ മാറിമറിയുകയാണ്. പല ഭാഗങ്ങളിലും സംഘർഷ മേഖലകൾ രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് സുരക്ഷയും നയതന്ത്രവും പുനർനിർവചിക്കേണ്ടി വരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതിരോധ മേഖലയിൽ രാജ്യത്തിന്റെ ഉത്പാദന ശൃംഘലക്ക് നിർണായകമായ പങ്കാണുള്ളത്. സർക്കാർ മേഖലയുടെ ശാക്തീകരണത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. ‘ഇന്ത്യയിൽ നിന്ന് ലോകത്തിന് വേണ്ടി’ എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഗുണനിലവാരം ഉറപ്പുവരുത്തിയാവണം ഉത്പാദനം.
10 വർഷം മുന്നെ, 1,000 കോടിയായിരുന്നു രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കയറ്റുമതി. ഇന്നത് 24,000 കോടിയെന്ന റെക്കോർഡ് ഉയരത്തിലെത്തി. 2026ഓടെ 30,000 കോടിയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്ത് പുറത്തുനിന്നെത്തിച്ച യന്ത്രഭാഗങ്ങൾ കൂട്ടിച്ചേർക്കുകയല്ല, പൂർണമായി ഉത്പാദനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സാങ്കേതിക വിദ്യകളുടെ കൈമാറ്റമടക്കം അനുബന്ധ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

