'ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല, ഒറ്റക്കെട്ട്' ഒരുമിച്ച് വാർത്താസമ്മേളനത്തിനെത്തി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും
text_fieldsബംഗളുരു: അധികാരത്തർക്കത്തിൽ കർണാടക കോൺഗ്രസ് ഉലയുന്നതിനിടെ തങ്ങൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. സിദ്ധരാമയ്യ ശിവകുമാറിനായി ഒരുക്കിയ പ്രഭാത ഭക്ഷണത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് വാർത്താസമ്മേളനം നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ രണ്ടു നേതാക്കൾ തമ്മിലുള്ള അധികാരവടംവലിക്ക് താൽക്കാലികമായെങ്കിലും പരിഹാരമായി എന്നാണ് ഇതോടെ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ തർക്ക പരിഹാര ഫോർമുല എന്തായിരുന്നുവെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രകടമായ അധികാര വടംവലികൾ ഒന്നുമില്ലാതെ തന്നെ പടിപടിയായി ഡി.കെ ശിവകുമാറിനെ ഉയർന്ന പദവികളിൽ എത്തിക്കാൻ ധാരണയായി എന്നാണ് സൂചന.
'ഞങ്ങൾ എല്ലാ കാര്യങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു. 2028ൽ നടക്കാനിരിക്കുന്ന കോർപറേഷൻ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക' ഡി.കെ ശിവകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍റിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു പ്രാതൽ ചർച്ച. 2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെയാണ് ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചത്. രാവിലെ ഒൻപതരയോടെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
വിഷയം ചർച്ച ചെയ്യാൻ ശിവകുമാറിനെ കാണാൻ ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞു. "അതിനാൽ, ഞാൻ അദ്ദേഹത്തെ (ശിവകുമാറിനെ) ഒരു പ്രഭാതഭക്ഷണ യോഗത്തിന് വിളിച്ചിട്ടുണ്ട്. അദ്ദേഹം പ്രഭാതഭക്ഷണത്തിന് വരുമ്പോൾ ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യും."
"എന്റെ നിലപാടിൽ മാറ്റമൊന്നുമില്ല, ഹൈക്കമാൻഡ് എന്ത് പറഞ്ഞാലുംഅനുസരിക്കും. പാർട്ടി ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് ഞങ്ങൾ രണ്ടുപേരും പറഞ്ഞിട്ടുണ്ട്," ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ഡൽഹിയിലേക്ക് പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
നേതൃത്വത്തെ അനുസരിക്കുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുപക്ഷത്തെയും എം.എൽ.എമാർ അവകാശവാദം തുടരുന്ന അവസ്ഥ ഹൈക്കമാന്‍റിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു സിദ്ധരാമയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

