‘കടുത്ത മതവിശ്വാസിയായിരുന്നില്ല, സഹോദരങ്ങളുമായി മിണ്ടിയിട്ട് നാലുവർഷം’ അറസ്റ്റിൽ നടുക്കമെന്നും ഡോ. ഷഹീൻ സയീദിന്റെ കുടുംബം
text_fieldsന്യൂഡൽഹി: ഫരീദാബാദിൽ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അൽ–ഫലാഹ് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദ് അറസ്റ്റിലായത് വിശ്വസിക്കാനാവാതെ കുടുംബം. പുറത്തുവരുന്ന വിവരങ്ങളോട് ഇനിയും കുടുംബത്തിന് പൊരുത്തപ്പെടാനായിട്ടില്ലെന്ന് മൂത്ത സഹോദരൻ മുഹമ്മദ് ഷുഐബ് പറഞ്ഞു.
പൊലീസിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും (എ.ടി.എസ്) ഉദ്യോഗസ്ഥർ കുടുംബ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തന്നോടും പിതാവിനോടും മാന്യമായാണ് പെരുമാറിയത്. എപ്പോഴാണ് അവസാനമായി ഷഹീൻ വീട്ടിൽ വന്നതെന്ന് ഉദ്യോഗസ്ഥർ ആരാഞ്ഞു. തങ്ങൾക്കുമേൽ സമ്മർദ്ദമൊന്നുമുണ്ടായില്ലെന്നും മുഹമ്മദ് വ്യക്തമാക്കി.
വല്ലപ്പോഴും സുഖവിവരം അന്വേഷിക്കാൻ മാതാപിതാക്കൾ വിളിക്കുന്നത് ഒഴിച്ചാൽ കഴിഞ്ഞ നാലുവർഷമായി കുടുംബവുമായി ഷഹീന് ബന്ധമൊന്നുമുണ്ടായിരുന്നില്ല. സഹോദരങ്ങൾ ഷഹീനുമായി സംസാരിച്ചിട്ട് നാലുവർഷമായെന്നും മുഹമ്മദ് പറഞ്ഞു.
ലഖ്നൗവിൽ ഐ.ഐ.എം റോഡിലെവിടെയോ ഷഹീന് വീടുണ്ടെന്ന് അറിയാമായിരുന്നു. കൃത്യമായ സ്ഥലം അറിയില്ല, ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ല. പഠിക്കുന്ന സമയത്ത് സംശയകരമായ ഒന്നും ഷഹീനിൽ കണ്ടിട്ടില്ല. താൻ ഇപ്പോഴും ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ്. വിശ്വസിക്കാനാവുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.
ഷഹീന്റെ മുൻ ഭർത്താവ് ഡോ. സഫർ ഹയാതും സംഭവത്തിൽ നടുക്കം പങ്കിട്ടു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നിന്ന് വിവരങ്ങളറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഹയാത് പറഞ്ഞു. നിലവിൽ കാൺപുരിൽ ഡോക്ടറായ ഹയാതും ഷഹീനും 2003 നവംബറിലാണ് വിവാഹിതരായത്. 2012ൽ ബന്ധം വേർപെടുത്തുകയും ചെയ്തു. സ്നേഹമുള്ള അമ്മയും ഏറെ കരുതുന്ന പങ്കാളിയുമായിരുന്നു ഷഹീനെന്ന് ഹയാത് പറയുന്നു.
‘2012 അവസാനമാണ് ഞങ്ങളുടെ വിവാഹ ബന്ധം അവസാനിക്കുന്നത്. അതിലേക്ക് നയിക്കാൻ മാത്രം ഷഹീന്റെ മനസിൽ എന്തായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരിക്കലും ഞങ്ങൾ തമ്മിൽ തർക്കമോ ബഹളമോ ഉണ്ടായിട്ടില്ല. അവർ നിലവിൽ ആരോപിക്കപ്പെടുന്ന തരത്തിൽ ബന്ധമുള്ളയാളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാനും കുട്ടികളുമായി ആഴത്തിൽ ബന്ധം സൂക്ഷിച്ചിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതടക്കം വിഷയങ്ങളിൽ സദാ വ്യാപൃതയായിരുന്നു. വിവാഹ ചടങ്ങിലൊഴികെ താൻ ഒരിക്കലും ഷഹീനിനെ ബുർഖ ധരിച്ച് കണ്ടിട്ടില്ല. ഷഹീൻ കടുത്ത മതവിശ്വാസിയല്ലായിരുന്നു. രണ്ട് കുട്ടികളുൾപ്പെടെയുള്ള കുടുംബവുമൊത്ത് ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാൻ ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും ഡോ. സഫർ ഹയാത് കൂട്ടിച്ചേർത്തു.
അതേസമയം, ഡെൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായവരുമായി ഡോ. ഷഹീൻ സയീദിന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഫരീദാബാദിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടിയതിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഇവരെന്നും പൊലീസ് പറയുന്നു. ഇവരുടെ കാറിൽ നടത്തിയ പരിശോനയിൽ തോക്ക് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

