ആരുമില്ലാത്ത മൃഗങ്ങൾക്ക് ഞങ്ങളുണ്ട്- സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: മനുഷ്യരും വാണിജ്യ സംരംഭങ്ങളും സഞ്ചാരപാതകൾ തടയുന്നതിനാൽ കഷ്ടപ്പെടുന്ന മൃഗങ്ങൾക്ക് എന്നും കോടതികളുടെ പിന്തുണയുണ്ടാകുമെന്ന് സുപ്രീംകോടതി. തമിഴ്നാട് നീലഗിരിയിലെ ഹോട്ടൽ, റിസോർട്ട് ഉടമകൾ സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
നീലഗിരിയിലെ സിഗൂർ പീഠഭൂമി ആനത്താരകളായി തമിഴ്‌നാട് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. തുടർന്ന് വന്യജീവി മേഖലകളിലെ ഹോട്ടലുകളും റിസോർട്ടുകളും ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസ് വിശദ വാദത്തിനായി ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി. ആനത്താരകളിലാണ് കച്ചവട സ്ഥാപനങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നിർമാണങ്ങൾ ആനകളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. വികസനങ്ങളുടെ നിശ്ശബ്ദ ഇരകളായ ഈ മൃഗങ്ങൾക്ക് പ്രയോജനം ലഭിക്കണമെന്നും ബെഞ്ച് പറഞ്ഞു.
ആനത്താരകളിൽ സ്വകാര്യ വ്യക്തികൾ വാങ്ങിയ ഭൂമി നിയമവിധേയമല്ലെന്നും നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്നും സുപ്രീം കോടതി സമിതി ശിപാർശ നൽകിയിരുന്നു. സെപ്റ്റംബർ 12ന് മദ്രാസ് ഹൈകോടതി ഈ ശിപാർശ അംഗീകരിച്ചു. സിഗൂർ ആനത്താരക്കുള്ളിൽ 39 റിസോർട്ടുകളും 390 വീടുകളും ഉൾപ്പെടെ 800 ലധികം നിർമാണങ്ങളുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

