‘യഥാർഥ തൃണമൂൽ കോൺഗ്രസ് ഞങ്ങൾ’; അവകാശവാദവുമായി വിമത എം.പിമാർ
text_fieldsന്യൂഡൽഹി: ബംഗാളിലെ കനത്ത തോൽവിയും പിന്നാലെ പ്രമുഖ നേതാക്കളുടെ രാജിയും ഉണ്ടാക്കിയ ആഘാതത്തിനിടെ മമത ബാനർജിക്ക് തിരിച്ചടിയായി വിമതരുടെ പുതിയ നീക്കം. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് വിമത എം.പിമാർ രംഗത്തെത്തി. 19 പേർ പിന്തുണക്കുന്നുണ്ടെന്നും അതിനാൽ തങ്ങളെ യഥാർഥ തൃണമൂൽ കോൺഗ്രസ് ആയി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ലോക്സഭ സ്പീക്കറെ കാണുമെന്നും വിമത എം.പി ജഗദീഷ് ചന്ദ്ര ബർമ ബാസുനിയ അറിയിച്ചു. ലോക്സഭയിൽ എൻ.ഡി.എക്കൊപ്പം നിൽക്കണമെന്ന പക്ഷക്കാരിലൊരാളാണ് ബാസുനിയ.
വിമത എം.പിമാർക്ക് കൂറുമാറാൻ ബി.ജെ.പി പണം നൽകുന്നുണ്ടെന്ന ടി.എം.സി എം.പി കീർത്തി ആസാദിന്റെ പരാമർശത്തിനെതിരെ ബാസുനിയ രംഗത്തെത്തി. ആസാദ് കള്ളനാണെന്നും ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അഭിഷേക് ബാനർജിക്കെതിരെയുള്ള മുതിർന്ന നേതാവ് കല്യാൺ ബാനർജിയുടെ പരാമർശങ്ങളെ ബാസുനിയ പിന്തുണച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെയാണ് ടി.എം.സിയിൽ ആഭ്യന്തര കലാപം രൂക്ഷമായത്. ഈ കലഹം പിന്നീട് പാർലമെന്റിലേക്കും പടരുകയായിരുന്നു. ഇരുപതിലധികം ലോക്സഭ അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത എം.പിമാർ അവകാശപ്പെടുന്നത്. അതേസമയം, പാർട്ടിയിൽ കലാപം ശക്തമാകുമ്പോഴും, മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി മുതിർന്ന നേതാക്കൾ രംഗത്തെത്തി. സൗഗത റോയ്, ശത്രുഘ്നൻ സിൻഹ, പ്രതിമ മൊണ്ടാൽ എന്നീ ലോക്സഭാ എം.പിമാരും, രാജ്യസഭാ എം.പി ബാബുൽ സുപ്രിയോയും തങ്ങൾ വിമത വിഭാഗത്തിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

