ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ
text_fieldsചെന്നൈ: ബി.ജെ.പിയിൽ നിന്നുള്ള രാജി പാർട്ടി നേതൃത്വം അംഗീകരിച്ചതിന് തൊട്ടുപിന്നാലെ, തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
"ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് വലിയൊരു കാര്യമാണ്," പൊതുജീവിതത്തിലെ തന്റെ യാത്രയെക്കുറിച്ച് സംസാരിക്കവേ അണ്ണാമലൈ ഓർമ്മിപ്പിച്ചു. "കഴിഞ്ഞ ആറ് വർഷം ബി.ജെ.പിയിൽ പ്രവർത്തിക്കാൻ സാധിച്ചതിനെ വലിയൊരു അവസരമായും പഠനാനുഭവമായുമാണ് ഞങ്ങൾ കാണുന്നത്." എന്നാൽ, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇപ്പോൾ പാർട്ടിയുടെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നിരിക്കുന്നു എന്ന സൂചനയും അദ്ദേഹം നൽകി. "ഞങ്ങളുടെ ലക്ഷ്യങ്ങൾ ഇപ്പോൾ വളരെ വലുതാണ്. യഥാർത്ഥ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇനി ആവശ്യം," അണ്ണാമലൈ വ്യക്തമാക്കി.
ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സ്വീകരിച്ചതായി പാർട്ടി അറിയിച്ചത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.
നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയിൽ അണ്ണാമലൈ ഇടംപിടിക്കാതിരുന്നതു മുതൽ പാർട്ടി നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡൽഹിയിലെത്തി മുതിർന്ന ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2020-ൽ ബിജെപിയിൽ ചേർന്ന അണ്ണാമലൈ, തൊട്ടടുത്ത വർഷം തന്നെയാണ് തമിഴ്‌നാട് ബി.ജെ.പിയുടെ അധ്യക്ഷനായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

