ഗുജറാത്തിൽ സീറ്റ് കുറച്ചതിലെ അരിശമാണ് ബി.ജെ.പിക്കെന്ന് മേവാനി
text_fieldsന്യൂഡൽഹി: പൊലീസ് നിയന്ത്രണത്തിനിടയിലും യുവ ഹുങ്കാർ റാലിയിൽ മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഗുജറാത്തിൽ ബി.ജെ.പിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാര നടപടികളാണ് നരേന്ദ്രമോദി സർക്കാർ ദലിതരോട് ചെയ്യുന്നതെന്ന് മേവാനി തുറന്നടിച്ചു.
അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന യഥാർഥ വിഷയങ്ങളെ കാർപറ്റിനിടയിലേക്കിട്ട് മറച്ചുകൊണ്ടാണ് ഘർ വാപ്പസി, ലവ് ജിഹാദ്, ഗോരക്ഷ എന്നിവക്ക് പ്രധാന്യം നൽകി സർക്കാർ പോകുന്നത്. ഞങ്ങൾ ഇതിനെതിരാണ്. ഭരണഘടനക്ക് അനുസൃതമായാണ് താൻ നിലകൊള്ളുന്നത്. അതിനാൽ തന്നെ എത്രവേണമെങ്കിലും വിമർശിക്കാം. ഞങ്ങൾ ലവ് ജിഹാദിലല്ല, സ്നേഹത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. അതിനാൽ പ്രണയദിനം ആഘോഷിക്കുക തന്നെ ചെയ്യും^ മേവാനി പറഞ്ഞു.
പുതുതായി കൈകൊള്ളുന്ന പൗരത്വ ബില്ലിലുടെ രണ്ടു കോടി ബംഗ്ലാദേശി ഹിന്ദുക്കളെ നൽകാെമന്നാണ് ബി.ജെ.പി അസമിന് നൽകുന്ന വാഗ്ദാനമെന്ന് കർഷക നേതാവ് അഖിൽ ഗെഗോയ് റാലിയിൽ പറഞ്ഞു.
ഭരണഘടനക്കുവേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നത്്, പ്രത്യേക മത വിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്ന് ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യ കുമാർ തുറന്നടിച്ചു. സർക്കാർ തങ്ങളെ ഹിന്ദുക്കൾക്കെതിരെയായി ചിത്രീകരിക്കുകയാണെന്നും കനയ്യ പറഞ്ഞു.
ഗുജറാത്ത് എം.എൽ.എ മേവാനിയുടെ ഡൽഹി യുവജനറാലിക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. റാലി നടക്കുന്ന പാർലമെൻറ് സ്ട്രീറ്റിൽ പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭീമസേനയുടെ നേതാവ് ചന്ദ്രശേഖർ ആസാദ് റാവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മേവാനിയുടെ നേതൃത്വത്തിൽ റാലി നടത്തുന്നത്.