കരൗലിയിലെ മുസ്‌ലിം വിരുദ്ധ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതോ?
text_fieldsജയ്പൂരിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള കരൗലിയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യം ഉയർത്തുകയാണ് ഇന്ത്യടുമോറോ ഡോട്ട്കോമിന്‍റെ റിപ്പോർട്ട്. വർഗീയ ആക്രമണത്തിന്‍റെ ഇരകൾ, എൻ.ജി.ഒ പ്രവർത്തകർ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുൾപ്പെടെയുള്ളവരുമായി നടത്തിയ അഭിമുഖങ്ങൾ സൂചിപ്പിക്കുന്നത് അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഏപ്രിൽ 2 ന് രാമനവമി ആഘോഷവേളയിൽ നടപ്പിലാക്കുകയും ചെയ്തുവെന്നാണ്.
രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തവർ നഗരത്തിലെ പള്ളിക്ക് മുന്നിൽ പാട്ട് കേൾപ്പിക്കുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മുസ്‌ലിംകളുടെ സ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണത്തിന് മുമ്പുള്ള വീഡിയോകളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതായി വ്യക്തമാണ്. ഘോഷയാത്രക്കാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതായും പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായും ഡി.ജി.പി മോഹൻലാൽ ലാതർ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു. ഉറക്കെ പാട്ട് കേൾപ്പിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്നും പാട്ടുകൾ പ്രകോപനപരമായിരുന്നെന്നും ഡി.ജി.പി സമ്മതിക്കുന്നു. ഇതാണ് കല്ലേറിന് കാരണമായതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. കൃത്യനിർവഹണം നടത്താത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ, മുഖ്യ സംഘാടകരായ ഹിന്ദുസേനയുടെ സാഹിബ് സിങ് ഗുജാർ, രാജാറാം എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേർ അറസ്റ്റിലായതിൽ 20 പേർ മുസ്‌ലിംകളാണ്.
മുസ്‌ലിംകൾക്കും അവരുടെ സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികളുടെ പേരെടുത്ത് 14 എഫ്.ഐ.ആറുകളാണ് ഫയൽ ചെയ്തത്. മുസ്‌ലിംകളെ പ്രതികളാക്കി ഏഴ് എഫ്.ഐ.ആറുകളും ഫയൽ ചെയ്യപ്പെട്ടു. അക്രമത്തിൽ 59 പേരുടെ സ്വത്തു വകകളാണ് നശിപ്പിക്കപ്പെട്ടതെന്ന് നാട്ടുകാരും പൊലീസും പറയുന്നു. മുസ്‌ലിംകളുടെ കടകളും ഹിന്ദുക്കളുടെ അഞ്ച് കടകളുമടക്കം മൊത്തം 43 വസ്തുവകകൾ അഗ്നിക്കിരയാക്കി.
ഘോഷയാത്ര സുരക്ഷിതമായി കടന്നുപോകുന്നതിനായി ജില്ലാ ഭരണകൂടം പ്രാദേശികമായി സമാധാന കമ്മിറ്റി ചേർന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ചില റൂട്ടുകളിൽ മാത്രമാണ് ഘോഷയാത്രയ്ക്ക് അനുമതി നൽകിയത്. എന്നാൽ, ഘോഷയാത്ര പുറപ്പെടുമ്പോൾ സംഘാടകർ റൂട്ട് മാറ്റുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള രണ്ട് പ്രദേശങ്ങളിലൂടെ ഘോഷയാത്ര സഞ്ചരിക്കാൻ ഭരണകൂടം ആദ്യം അനുമതി നൽകിയിരുന്നില്ല. എന്നാൽ, പിന്നീട് സംഘാടകരുടെ സമ്മർദത്തിന് വഴങ്ങി ഇത് അനുവദിച്ചു. റാലി സമാധാനപരമായിരിക്കണമെന്നും സംഗീതവും ആക്ഷേപകരമായ മുദ്രാവാക്യങ്ങളും ഉയർത്തില്ലെന്നും നിബന്ധനയുണ്ടായിരുന്നെങ്കിലും ജാഥക്കാർ ഈ നിബന്ധനകളെല്ലാം ലംഘിച്ചു.
ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, രാജസ്ഥാൻ ഗാന്ധി സ്മാരക നിധി, രാജസ്ഥാൻ നാഗരിക് മഞ്ച്, ഹരിയാന ജൻ അധികാർ മഞ്ച് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന വസ്തുതാന്വേഷണ സംഘം സംഭവവികാസങ്ങളുടെ എല്ലാം ഘട്ടത്തിലും പൊലീസിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും പങ്കിനെ ചോദ്യം ചെയ്യുന്നു. പൊലീസ് തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്തിരുന്നെങ്കിൽ അക്രമം ഒഴിവാക്കാമായിരുന്നെന്ന് സംഘാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ഏറെ നേരം തങ്ങുക മാത്രമല്ല, മുസ്‌ലിം വിരുദ്ധവും നിന്ദ്യവുമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തുവെന്നും സംഘം ചൂണ്ടിക്കാട്ടുന്നു.
ജാഥക്കാർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതായി എഫ്.ഐ.ആറിൽ പൊലീസ് പരാമർശിച്ചിട്ടില്ലെന്ന് വസ്തുതാന്വേഷണ സംഘാംഗങ്ങൾ പൊലീസിന്റെ പങ്കിലേക്ക് വിരൽ ചൂണ്ടി പറയുന്നു. കല്ലേറിൽ ഉൾപ്പെട്ട മുസ്‌ലിംകളുടെ പേരുകൾ പൊലീസ് പരാമർശിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിംകളുടെ കടകളും മറ്റ് സ്വത്തുക്കളും അഗ്നിക്കിരയാക്കിയവരുടെ പേരുകൾ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഇത് ഏകപക്ഷീയമായ എഫ്.ഐ.ആറാണെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മാത്രമല്ല, അക്രമികൾ മുസ്‌ലിംകളുടെ കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നടപടിയെടുക്കുന്നതിനുപകരം പൊലീസ് നിശബ്ദ കാഴ്ച്ചക്കാരായി തുടരുകയാണ് ചെയ്തത്. കർഫ്യൂ ഉത്തരവുകൾ പൊലീസ് കൃത്യമായി നടപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കർഫ്യൂ കാലയളവിലും അക്രമികൾ മുസ്‌ലിംകളുടെ കടകൾക്ക് തീയിട്ടതായി റിപ്പോർട്ടിൽ പറയുന്നു. പൊലീസ് പക്ഷപാതം സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ, കലാപം നടത്തിയെന്ന് ആരോപിച്ച് മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് പൊലീസ് മർദിച്ചെന്നും കുറ്റപ്പെടുത്തുന്നു.
വീടുകൾ കത്തിനശിച്ച പല കുടുംബങ്ങൾക്കും പോകാൻ ഒരിടവുമില്ല. നിരവധി കുടുംബങ്ങളുടെ ജീവനോപാധിയായ കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. അക്രമികൾ തന്‍റെ കട കൊള്ളയടിക്കുകയും പിന്നീട് തീയിടുകയും ചെയ്തെന്ന് തയ്യൽക്കാരനായ സയ്യിദ് പറയുന്നു. ഏകദേശം ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 15 വർഷമായി താനിവിടെ കട നടത്തുന്നുണ്ടെന്നും തന്‍റെ കടയോട് ചേർന്നുള്ള ഗിരിരാജിന്റെ കടയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും 43കാരനായ സയ്യിദ് പറഞ്ഞു. രണ്ടു കടകൾക്കും പേരുകളൊന്നും ഇല്ലാതിരുന്നിട്ടും സയ്യിദിന്‍റെ കട അക്രമികൾ കൃത്യമായി മാർക്ക് ചെയ്തിരുന്നു. കട നടത്താനായി ലോൺ എടുത്തിട്ടുള്ള സയ്യിദ്, സംസ്ഥാന സർക്കാർ ഇതുവരെ ഒരു നഷ്ടപരിഹാര പദ്ധതിയും പ്രഖ്യാപിക്കാത്തതിനാൽ ദുരിതത്തിലാണ്.
"അക്രമികൾ മുസ്‌ലിംകളുടെ കടകൾ തിരഞ്ഞെടുത്ത് ലക്ഷ്യമിട്ടു. പൊലീസ് സാന്നിധ്യത്തിൽ കടകളുടെ പൂട്ട് കുത്തിത്തുറന്നു. ആദ്യം സാധനങ്ങൾ കൊള്ളയടിക്കുകയും പിന്നീട് കത്തിക്കുകയും ചെയ്തു" -മറ്റൊരു ഇരയായ 72കാരൻ ഫക്രുദ്ദീൻ അൻജും പറഞ്ഞു. 16 ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിന് ഉണ്ടായത്. "പൊലീസ് കർഫ്യൂ ഏർപ്പെടുത്തുകയും ഞങ്ങളോട് വീടിനുള്ളിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് അക്രമികൾ ഞങ്ങളുടെ കടകൾ കത്തിച്ചു. കർഫ്യൂ ഏർപ്പെടുത്തിയ ശേഷമാണ് ഇത് സംഭവിച്ചത്" -ഫക്രുദ്ദീൻ ചൂണ്ടിക്കാട്ടുന്നു.
കർഫ്യൂ സമയത്താണ് തന്റെ കടയും കൊള്ളയടിച്ചതും കത്തിച്ചതുമെന്നും അക്രമത്തിന്‍റെ മറ്റൊരു ഇരയായ ജമാലുദ്ദീൻ എന്ന പ്രദേശവാസിയും ആരോപിച്ചു.
കരൗലി അക്രമങ്ങളിൽ ഉന്നതതല ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെടുന്നത്. സംഭവ ദിവസം പ്രശ്നബാധിത പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി വേണം. കടകളും വീടുകളും മറ്റ് വസ്തുവകകളും നശിപ്പിക്കപ്പെട്ടവർക്ക് പൂർണ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സംഘം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

