അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
text_fieldsജലന്ധർ: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ജലന്ധർ കമീഷണൽ കുൽദീപ് സിങ് ചഹലാണ് അമൃത്പാലിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അമൃത്പാലിന്റെ രണ്ട് കാറുകൾ പൊലീസ് പിടിച്ചെടുത്തുവെന്നും ഗൺമാനെ കസ്റ്റഡിയിലെടുത്തുവെന്നും കമീഷണർ അറിയിച്ചു. അമൃത്പാലിന്റെ സുരക്ഷാജീവനക്കാരുടെ കൈയിലുള്ള ആയുധങ്ങൾക്ക് ലൈസൻസുണ്ടോയെന്നും പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ അമൃത്പാൽ അറസ്റ്റിലാവുമെന്നാണ് പ്രതീക്ഷയെന്നും ജലന്ധർ കമീഷണർ അറിയിച്ചു.
അമൃത്പാലിന്റെ അനുയായികളായ 78 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടികൾ വൈകാതെയുണ്ടാകും. വാരിസ് ദേ പഞ്ചാബിനെതിരെ ശക്തമായ നടപടികൾക്ക് പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. അമൃത്പാലിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അമൃത്പാലിനെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.