വഖഫ് പ്രക്ഷോഭം: മുർഷിദാബാദ് ശാന്തം; ഭാംഗറിൽ സംഘർഷം
text_fieldsകൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെതുടർന്ന് മൂന്നുപേർ മരിച്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സംഘർഷത്തിന് അയവ് വന്നെങ്കിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭാംഗറിൽ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ത്യൻ സെക്കുലർ ഫ്രന്റ് (ഐ.എസ്.എഫ്) നടത്തിയ പ്രതിഷേധത്തിനിടെ പൊലീസുകാർക്കടക്കം പരിക്കേറ്റു.
പ്രക്ഷോഭകർ പൊലീസ് ജീപ്പുകളടക്കം കത്തിച്ചു. വഖഫ് നിയമത്തിനെതിരായി മധ്യകൊൽക്കത്തയിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ലാത്തിച്ചാർജിൽ ഐ.എസ്.എഫ് പ്രവർത്തകന് തലക്ക് പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
അതേസമയം, മുർഷിദാബാദിൽ രണ്ട് ദിവസമായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബി.എസ്.എഫ്, സി.ആർ.പി.എഫ്, സംസ്ഥാന സായുധസേന, ദ്രുതകർമ സേന തുടങ്ങിയ സുരക്ഷാസംഘങ്ങളെ പലയിടത്തും വിന്യസിച്ചിട്ടുണ്ട്. ഹർഗോബിന്ദോ ദാസിന്റെയും മകൻ ചന്ദൻ ദാസിന്റെയും കൊലപാതകത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുർഷിദാബാദിലെ അക്രമവുമായി ബന്ധപ്പെട്ട് 210 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. മുർഷിദാബാദിലെ സംഘർഷ പ്രദേശത്തുനിന്ന് കുടുംബത്തോടെ നാടുവിട്ടവർ തിരിച്ചെത്തി തുടങ്ങി. കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മതത്തിന്റെ പേര് പറഞ്ഞ് മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭ്യർഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, നിയമം കൈയിലെടുക്കരുതെന്ന് മമത പറഞ്ഞു.
അതിനിടെ, അക്രമങ്ങളെക്കുറിച്ച് ഹൈകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് സി.പി.എം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിം ആവശ്യപ്പെട്ടു. അക്രമത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരം നൽകണം. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ജനങ്ങളെ മതപരമായി വിഭജിക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം നേതാവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.