വഖഫ്: ഭൂതകാലം തിരുത്തി എഴുതാനാകില്ലെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭൂതകാലം തിരുത്തിയെഴുതാനാകില്ലെന്ന് വഖഫ് കേസിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. ഉപയോഗത്തിലൂടെയുള്ള വഖഫ് രജിസ്റ്റർ ചെയ്തതല്ലെങ്കിൽ ഡീനോട്ടിഫൈ ചെയ്യുമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ.
ഉപയോഗത്തിലൂടെ വഖഫിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ബെഞ്ച് ചുണ്ടിക്കാട്ടി. കാലങ്ങളായുള്ള വഖഫ് സ്വത്തിന്റെ വാഖിഫ് ആരാണ് എന്ന് പറയാനാകുമോ? അതിനാൽ ഉപയോഗത്തിലൂടെയുള്ള വഖഫ് രജിസ്റ്റർ ചെയ്യാൻ പ്രയാസമാണ്. ഉപയോഗത്തിലൂടെ വഖഫായി അംഗീകരിച്ച സ്വത്തുക്കൾ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വഖഫല്ലാതാക്കി മാറ്റുമോ എന്ന് ബെഞ്ച് ചോദിച്ചു.
മുസ്‍ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളിൽ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികൾ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി. ഉപയോഗത്തിലൂടെയുള്ള വഖഫ് അതല്ലാതാക്കുന്നതിനും ജില്ലാ കലക്ടർക്ക് അമിതാധികാരം നൽകുന്നതിനും വഖഫ് കൗൺസിലിലും ബോർഡുകളിലും അമുസ്‍ലിംകളെ കയറ്റുന്നതിനുമുള്ള വ്യവസ്ഥകളിൽ മുസ്‍ലിം സംഘടനകൾ പ്രകടിപ്പിച്ച ആശങ്കകൾ ശരിവെച്ച സുപ്രീംകോടതി അവ മരവിപ്പിച്ച് നിർത്താനായി ഇടക്കാല ഉത്തരവ് ഇറക്കാൻ മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവെച്ചു.
എന്നാൽ ഇടക്കാല ഉത്തരവിൽ വേറെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ഇടക്കാല ഉത്തരവിടാനായി സുപ്രീംകോടതി നിർദേശിച്ചത്
ഒന്ന്: രജിസ്ട്രേഷൻ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.
രണ്ട്: കലക്ടർമാർക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി അരുത്.
മൂന്ന്: കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും എക്സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവർ എല്ലാവരും മുസ്‍ലിംകളായിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.