വഖഫ് സ്വത്ത് രജിസ്ട്രേഷന് അഞ്ചുമാസത്തേക്ക് കൂടി നീട്ടി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്തുകള്‍, വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ ചേര്‍ക്കാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി. ഡിസംബര്‍ ആറിന് സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്ന് കേരളത്തിലുള്‍പ്പെടെ വഖഫ് സ്വത്തുക്കള്‍ മുഴുവനായും പോര്‍ട്ടലില്‍ ചേര്‍ക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ 50 ശതമാനത്തോളം മാത്രമാണ് രജിസ്റ്റർ ചെയ്യാനായത്. തുടര്‍ന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. സമയപരിധി നീട്ടിക്കിട്ടാൻ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന വഖഫ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാറിന് കൈമാറുന്നതിന് പിന്നാലെ ഒരാഴ്ചക്കകം പോര്‍ട്ടല്‍ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമയപരിധി നീട്ടിയതോടെ സംസ്ഥാനത്തെ മുഴുവന്‍ വഖഫ് സ്വത്തുക്കളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ട്രൈബ്യൂണൽ ഉത്തരവ് ബാധകമാവുക. പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട് വഖഫ് ബോര്‍ഡുകളും അതത് സംസ്ഥാനങ്ങളിലെ ട്രൈബ്യൂണലിനെ സമീപിച്ച് മൂന്നുമാസംവരെ സമയം നീട്ടിവാങ്ങിയിരുന്നു. അഞ്ചുമാസം സമയമുണ്ടെങ്കിലും വഖഫ് മുത്തവല്ലിമാര്‍ മൂന്ന് മാസത്തിനകംതന്നെ പോര്‍ട്ടലില്‍ വഖഫ് സ്വത്ത് വിവരങ്ങളും രേഖകളും ചേർക്കാന്‍ ശ്രമിക്കണമെന്ന് ചെയര്മാന് അഭ്യര്‍ഥിച്ചു. ശേഷിക്കുന്ന രണ്ടുമാസം ഈ രേഖകള്‍ പരിശോധിച്ച് ബോര്‍ഡിന് അംഗീകാര നടപടികള്‍ പൂര്‍ത്തീകരിക്കാനാവും. ബോര്‍ഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങള്‍ക്കും ന്യൂ വഖഫ് ഓപ്ഷന് വഴി പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി സംസ്ഥാനത്തെ എല്ലാ വഖഫ് ബോർഡ് ഡിവിഷന് ഓഫിസുകളിലും ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 13,000 മഹല്ലുകളുടെ കീഴിലെ ഏകദേശം 42,744 സ്വത്തുക്കള്‍ മാത്രമാണ് ഡിസംബര്‍ ആറിനകം ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കാനായത്. ഇനി സമയപരിധി നീട്ടാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ മുതവല്ലിമാരും മഹല്ല് കമ്മിറ്റികളും വിഷയം ഗൗരവത്തിലെടുക്കണമെന്നും ബോര്‍ഡ് അധികൃതർ നിര്‍ദേശിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.വി. സൈനുദ്ദീന്‍, പ്രഫ. കെ.എം. അബ്ദുല്‍ റഹീം, റസിയ ഇബ്രാഹിം, സി.ഇ.ഒ സി.എം. അബ്ദുല്‍ജബ്ബാര്‍, ഡിവിഷനല്‍ വഖഫ് ഓഫിസര്‍ സി.എം. മഞ്ജു, ജൂനിയര്‍ സൂപ്രണ്ട് കെ.എ. മുഹമ്മദ് ആസിഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

