വഖഫ് ബിൽ പാർലമെന്റിലേക്ക്
text_fieldsവഖഫ് റിപ്പോർട്ട് അംഗീകരിക്കാൻ ബുധനാഴ്ച ചേർന്ന ജെ.പി.സി യോഗം
ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾക്കുമേൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമത്തിലെ വിവാദ നിർദേശങ്ങൾക്ക് മേലൊപ്പ് ചാർത്തിയ ജെ.പി.സി റിപ്പോർട്ട് വോട്ടിനിട്ട് പാസാക്കി.
ബുധനാഴ്ച രാവിലെ 11ന് പാർലമെന്റ് അനക്സിൽ ചേർന്ന സംയുക്ത പാർലമെന്ററി സമിതിയിൽ 11നെതിരെ 16 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സർക്കാർ ജെ.പി.സി റിപ്പോർട്ട് പാസാക്കിയെടുത്തത്. കോൺഗ്രസിന്റെ ഗൗരവ് ഗോഗോയി ഒഴികെ എല്ലാ അംഗങ്ങളും ഹാജരായ യോഗത്തിൽ നേരത്തെ ബില്ലിനെ എതിർത്ത എൻ.ഡി.എ സഖ്യകക്ഷികളായ തെലുഗുദേശം പാർട്ടിയും ജനതാദൾ യുവും നിലപാട് മാറ്റി ബി.ജെ.പിക്കൊപ്പം നിന്നു. പുതിയ വഖഫ് ബില്ലിന്റെ കരട് അടങ്ങുന്ന റിപ്പോർട്ട് സമിതി 31ന് സ്പീക്കർക്ക് സമർപ്പിക്കും.
മുസ്ലിം സമുദായ സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ഭേദഗതി നിർദേശങ്ങൾ തള്ളിയും ബി.ജെ.പിയും സഖ്യകക്ഷികളും മുന്നോട്ടുവെച്ച ഭേദഗതികൾ മാത്രം സ്വീകരിച്ചും തയാറാക്കിയ റിപ്പോർട്ടിന്റെ കരട്, സമിതി യോഗത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അംഗങ്ങൾക്ക് നൽകിയത്. റിപ്പോർട്ടിന്മേലുള്ള പ്രതിപക്ഷത്തിന്റെ വിയോജിപ്പുകൾ അനുബന്ധമായി ചേർക്കണമെങ്കിൽ ബുധനാഴ്ച നാലു മണിക്ക് മുമ്പ് എഴുതി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേവലം ഒരു മണിക്കൂർ കൊണ്ട് ബി.ജെ.പി എം.പിയായ ജഗദാംബിക പാൽ യോഗ നടപടികൾ അവസാനിപ്പിച്ചു.
600ൽ പരം പേജുള്ള റിപ്പോർട്ടിന്മേൽ വിയോജനക്കുറിപ്പ് എഴുതി സമർപ്പിക്കാൻ പ്രതിപക്ഷ എം.പിമാർക്ക് നൽകിയത് കേവലം നാല് മണിക്കൂർ മാത്രം.
‘ജെ.പി.സിയെ പരിഹാസ്യമാക്കി’
വഖഫ് സ്വത്തുക്കളിൽ മോദി സർക്കാറിന് അജണ്ട നടപ്പാക്കാൻ ഭരണഘടനാ വിരുദ്ധ നടപടികളിലൂടെ സംയുക്ത പാർലമെന്ററി സമിതിയെ പരിഹാസ്യമാക്കിയെന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷം നിർദേശിച്ചിട്ടും കരട് റിപ്പോർട്ടിൽ ചേർക്കാതെ തള്ളിയ 44 ഭേദഗതികളും വിയോജനക്കുറിപ്പായി കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന (ഉദ്ധവ് വിഭാഗം),അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ എം.പിമാർ രേഖാമൂലം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

