വഖഫ് ബില്ലിൽ വീണ്ടും തിരക്കിട്ട നീക്കം
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിവാദ വഖഫ് ബിൽ വീണ്ടും പാർലമെന്റിൽ എത്തിക്കാൻ സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി)യിൽ കേന്ദ്ര സർക്കാറിന്റെ തിരക്കിട്ട നീക്കത്തിൽ ദുരൂഹത. എൻ.ഡി.എ ഘടകകക്ഷികളായ ജനതാദൾ-യു, തെലുഗുദേശം പാർട്ടി എന്നിവയുടെ എതിർപ്പിനിടയാക്കിയ വിവാദ വ്യവസ്ഥകളിൽ ഏതെങ്കിലും പിൻവലിച്ച് അവരുടെ ആവശ്യം അംഗീകരിച്ചെന്നുവരുത്തി തങ്ങൾ ഉദ്ദേശിച്ച രീതിയിൽത്തന്നെ ബിൽ പാസാക്കാനാണ് സർക്കാറിന്റെ നീക്കമെന്ന് ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾക്ക് സംശയമുണ്ട്.
അതേസമയം, വഖഫ് ബില്ലിൽ കേന്ദ്ര സർക്കാറിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് സംയുക്ത പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ ചെയർമാനും ബി.ജെ.പി നേതാവുമായ ജഗദാംബിക പാലിനെ അറിയിച്ചു. വഖഫ് ബില്ലിലുള്ള ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം എഴുതി സമർപ്പിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് ജെ.പി.സി അംഗങ്ങൾക്ക് നൽകിയ നിർദേശം മാറ്റണമെന്നും ഈമാസം അവസാനം വരെ സമയം നൽകണമെന്നുമാവശ്യപ്പെട്ട് സമിതിയിലെ പ്രതിപക്ഷ അംഗം എ. രാജ, ചെയർമാന് കത്തെഴുതി. നിർദേശിച്ച സമയപരിധിയായ ബുധനാഴ്ച നാലുമണിക്കകം ഭേദഗതികൾ പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ചിട്ടില്ല.
ബില്ലിലെ ചില വിവാദ വ്യവസ്ഥകൾ ജനതാദൾ-യു, തെലുഗുദേശം പാർട്ടി എന്നിവ എതിർത്തതിനെ തുടർന്നാണ് കൂടുതൽ ചർച്ചകൾക്കും പരിശോധനകൾക്കും ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ സമയം നൽകി ബിൽ നീട്ടിവെക്കാൻ ബി.ജെ.പി നിർബന്ധിതമായത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബിൽ കൊണ്ടുവന്ന് ആപ്പിനെയും കോൺഗ്രസിനെയും പ്രചാരണ രംഗത്ത് പ്രതിസന്ധിയിലാക്കുമെന്നായിരുന്നു ബി.ജെ.പി കേന്ദ്രങ്ങൾ നേരത്തെ പറഞ്ഞിരുന്നത്. ആ പദ്ധതിയാണ് ജെ.ഡി.യുവിന്റെയും തെലുഗുദേശത്തിന്റെയും നിലപാടിൽ തടസ്സപ്പെട്ടത്. വീണ്ടും ബി.ജെ.പി തിരക്കിട്ട നീക്കം നടത്തുമ്പോൾ അവരുടെ നിലപാടിൽ മാറ്റം വന്നോ എന്ന സംശയം ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾക്കുണ്ട്.
22ന് വൈകീട്ട് നാലുമണിക്കകം വഖഫ് ബില്ലിൽ ജെ.പി.സി അംഗങ്ങൾക്കുള്ള ഭേദഗതികൾ സമർപ്പിക്കാൻ 20ന് കത്തയച്ച ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിചിത്ര നടപടിയാണ് ഈ സംശയത്തിന് പ്രതിപക്ഷ എം.പിമാരെ പ്രേരിപ്പിക്കുന്നത്. വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത പ്രതിനിധികളെ ഉൾപ്പെടുത്താനുള്ള വ്യവസ്ഥ മാത്രമൊഴിവാക്കി അപകടകരമായ മറ്റു വ്യവസ്ഥകളെല്ലാം നിലനിർത്തി ബിൽ വീണ്ടും കൊണ്ടുവരാൻ ഘടകകക്ഷികളുമായി ധാരണയിലെത്തിയോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ജെ.പി.സിയിലെ ഒരു പ്രതിപക്ഷ അംഗം പറഞ്ഞു.
എന്തിനിത്ര തിടുക്കം? ജെ.പി.സി ചെയർമാന് കത്തയച്ച് എ. രാജ
ന്യൂഡൽഹി: ബുധനാഴ്ച വൈകീട്ട് നാലിനകം വഖഫ് ബില്ലിൽ ജെ.പി.സി അംഗങ്ങൾക്കുള്ള ഭേദഗതികൾ സമർപ്പിക്കാൻ തിങ്കളാഴ്ച ലോക്സഭ സെക്രട്ടേറിയറ്റ് അറിയിച്ചാൽ എങ്ങനെ സാധ്യമാകുമെന്ന് ജെ.പി.സി ചെയർമാൻ ജഗദാംബി പാലിന് അയച്ച കത്തിൽ സമിതി അംഗം എ. രാജ ചോദിച്ചു. വിവാദ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കാൻ ഈ മാസം 24നും 25നും ജെ.പി.സി യോഗം വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും 30,31 തീയതികളിലേക്ക് മാറ്റണമെന്നും രാജ ആവശ്യപ്പെട്ടു.
ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ പര്യടനം അവസാനിപ്പിച്ച് 21ന് തിരികെ ഡൽഹിയിലെത്തിയ ജെ.പി.സി അംഗങ്ങൾക്ക് എങ്ങനെയാണ് 22ന് വൈകീട്ട് നാലിനകം ഭേദഗതികൾ സമർപ്പിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ഇതിനിടയിൽ എം.പിമാർക്ക് മണ്ഡലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുമുണ്ടാകും.
വിവിധ സംസ്ഥാനങ്ങളിലെ പര്യടനത്തിനിടയിൽ അടുത്ത ജെ.പി.സി യോഗം തിരക്കിട്ട് നിശ്ചയിച്ചതും വിചിത്രമാണ്. 24നും 25നും യോഗം നടത്താനാവില്ലെന്ന് ലഖ്നോവിലെ യോഗത്തിനിടെ അംഗങ്ങൾ അറിയിച്ചിട്ടുമുണ്ട്. 21ന് അവസാനിച്ച പട്ന- കൊൽക്കത്ത-ലഖ്നോ പര്യടനത്തിനിടയിൽ ജെ.പി.സി മുമ്പാകെ എത്തിയവരോട് ഒരാഴ്ചക്കകം അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് യോഗം 30, 31 തീയതികളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും രാജ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

