ഭരണഘടനാവിരുദ്ധം; വഖഫ് ഭേദഗതി നിയമത്തിനെതിരെ നടൻ വിജയ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്.
രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയ വിവാദ വഖഫ് നിയമം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണ് നിയമമായത്.
രാഷ്ട്രപതി ഒപ്പിടുന്നതിന് മുമ്പെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദ്, ആം ആദ്മി പാർട്ടി എം.എൽ.എ അമാനതുല്ലാ ഖാൻ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരും മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആറും സുപ്രീംകോടതിയിലെത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് ഡി.എം.കെയും കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

