വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി
text_fieldsന്യൂഡല്‍ഹി: കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതേയാടെ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ചൊവ്വാഴ്ചമുതൽ നിയമം പ്രാബല്യത്തിൽ വന്നതായി ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്രനീക്കം. വിഷയത്തിൽ തങ്ങളെ കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തടസ്സഹരജി ഫയൽ ചെയ്തു.
അതേസമയം, വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. ഏപ്രില്‍ 15ന് ഹരജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗും സമസ്തയും ഉള്‍പ്പെടെ നല്കിയ 12 ഹരജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ.എൻ.എം മർകസുദ്ദഅവ (മുജാഹാദ്) സംസ്ഥാന കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനുവേണ്ടി കഴിഞ്ഞദിവസം ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഈ ഹരജികള്‍ ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമസ്തക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയും സമാനമായ ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.
എന്നാല്‍, ചൊവ്വാഴ്ച സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫിസില്‍നിന്ന് ലഭിച്ച നിർദേശപ്രകാരം ഈയാഴ്ച ഈ ഹരജികള്‍ ലിസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. ബുധനാഴ്ച കഴിഞ്ഞാല്‍ ഏതാനുംദിവസം കോടതി അവധിയാണ്. അതിനാല്‍ ഏപ്രിൽ 15ന് ഹരജികള്‍ ലിസ്റ്റ് ചെയ്യേണ്ടതുള്ളൂ എന്നാണ് ചീഫ് ജസ്റ്റിസിന്റെ ഓഫിസ് രജിസ്ട്രാറെ അറിയിച്ചതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

