ഡൽഹിയിൽ എ.എ.പിക്കൊപ്പം ചേർന്ന് മത്സരിക്കാനായിരുന്നു കോൺഗ്രസ് ആഗ്രഹിച്ചത്; എന്നാൽ കെജ്രിവാളിന് താൽപര്യമുണ്ടായിരുന്നില്ല -അജയ് മാക്കൻ
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിയുമായി സഖ്യം വേണ്ടെന്ന നിലപാടാണ് തനിക്കെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. എന്നാൽ ഇത് വ്യക്തിപരമായ ചിന്താഗതി മാത്രമാണെന്നും മാക്കൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം അനിവാര്യമായ സാഹചര്യമാണെങ്കിൽ, അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയെ കോൺഗ്രസ് പിന്തുണക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാക്കൻ. 2013മുതൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഡൽഹിയിൽ കോൺഗ്രസും എ.എ.പിയും തമ്മിൽ ഒരു ധാരണയുമുണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.-മാക്കൻ പറഞ്ഞു. കാരണം ബി.ജെ.പിയുടെ സഹായത്തോടെയാണ് അരവിന്ദ് കെജ്രിവാൾ നേട്ടമുണ്ടാക്കുന്നത്.
ബി.ജെ.പിയെ നേരിടാൻ ദേശീയ തലത്തിൽ കോൺഗ്രസ് ശക്തിപ്പെടേണ്ടത് പ്രധാനമാണ്. കോൺഗ്രസ് പോലുള്ള ഒരു ദേശീയ പാർട്ടി ദേശീയ തലത്തിൽ ശക്തമല്ലെങ്കിൽ ബി.ജെ.പിക്കെതിരെ പോരാടുക പ്രയാസമാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്തുമ്പോൾ ബി.ജെ.പിക്കൊപ്പം പോരാടാൻ കഴിയില്ല. ഡൽഹിയിൽ ബി.ജെ.പിക്കെതിരെ പോരാടുന്നതിൽ എ.എ.പി പരാജയപ്പെട്ടിരിക്കുകയാണെന്നും അജയ് മാക്കൻ പറഞ്ഞു.
ഹരിയാനയിലും ഡൽഹിയിലും എ.എ.പിയുമായി സഖ്യമുണ്ടാക്കാനായിരുന്നു കോൺഗ്രസ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ജയിൽ മോചിതനായതിനു തൊട്ടുപിന്നാലെ ഹരിയാനയിലെ 90 നിയമസഭ മണ്ഡലങ്ങളിലും എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. സഖ്യചർച്ച അവസാനഘട്ടത്തിെലത്തിയപ്പോഴായിരുന്നു അത്. ഡൽഹിയിലും ഒറ്റക്കു തന്നെ മത്സരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലും അങ്ങനെ തന്നെയായിരുന്നല്ലോ. എന്നാൽ ഫലം വന്നപ്പോൾ ഒറ്റ സീറ്റും എ.എ.പിക്ക് ലഭിച്ചില്ല. ഡൽഹി കോൺഗ്രസ് ഭരിച്ചപ്പോൾ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും കോൺഗ്രസിന് തന്നെയായിരുന്നു. എന്നാൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതു മുതൽ നേരെ മറിച്ചാണ് സംഭവിക്കുന്നത്. ഏഴ് ലോക്‌സഭാ സീറ്റുകളിലും വിജയിച്ചതിനാൽ ബി.ജെ.പി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയാണ്. അപ്പോൾ ആരാണ് ബി.ജെ.പിക്കൊപ്പമെന്നും മാക്കൻ ചോദിച്ചു.
കെജ്രിവാൾ ദേശവിരുദ്ധനാണെന്നും ഡൽഹിയിൽ അവർ വിജയിക്കുന്നത് ബി.ജെ.പിയുടെ സഹായത്തോടെയാണെന്നും നേരത്തേ മാക്കൻ ആരോപിച്ചിരുന്നു. ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
''അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിൽ ഉറച്ചു നിൽക്കുന്നു.ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ, ബി.ജെ.പിയാണ് അത്കൊണ്ട് നേട്ടമുണ്ടാക്കുന്നത്.''-മാക്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

