ലഖ്നോ: കാൺപൂരിൽ എട്ടുപൊലീസുകാരെ കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തലവൻ വികാസ് ദുബെയുടെ വലംകൈ അമർ ദുബെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹാമിർപൂരിൽ ബുധനാഴ്ച രാവിലെ നടന്ന സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിനിടെ അമർ ദുബെക്ക് വെടിേയൽക്കുകയായിരുന്നു.
പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബെയും ഉണ്ടായിരുന്നതായാണ് വിവരം. അമർ ദുബെ മഥുരയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന പൊലീസ് അവിടെ എത്തുകയായിരുന്നു. തുടർന്ന് ജില്ല പൊലീസിൻെറ സഹായത്തോടെ പ്രദേശം മുഴുവൻ അടച്ച് തെരച്ചിൽ നടത്തുന്നതിനിടെ അമർ പൊലീസുകാർക്ക് നേരെ വെടിവെച്ചു. തിരിച്ച് നടത്തിയ വെടിവെപ്പിൽ അമർ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഗുണ്ടാസംഘത്തലവൻ വികാസ് ദുബെയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെ ഉത്തർപ്രദേശ് വിട്ടതായാണ് വിവരം. വികാസ് ദുബെയെ പിടികൂടാൻ സഹായിക്കുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് പൊലീസുകാർ യു.പിയിലെ ബിക്രു വില്ലേജിൽ എത്തിയതായിരുന്നു. എന്നാൽ കെട്ടിടത്തിന് മുകളിൽനിന്ന് പൊലീസുകാർക്ക് നേരെ ഗുണ്ടാസംഘം വെടിയുതിർത്തു. ആക്രമണത്തിൽ എട്ടു പൊലീസുകാരാണ് കൊല്ലപ്പെട്ടത്.