ഡൽഹിയിൽ അടച്ചിട്ട മുറിയിൽ മെസ്സിയോട് മിണ്ടാം; ഒരു കോടി രൂപ മുടക്കണം
text_fieldsതന്റെ ഇന്ത്യപര്യടനത്തിന്റെ അവസാന ലാപ്പിലാണ് അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഇന്ത്യയിലെ നാലു നഗരങ്ങളിലാണ് ഗോട്ട് ടൂർ എന്ന് വിളിക്കുന്ന പര്യടനം. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ നഗരങ്ങളിലെ സന്ദർശനത്തിനു ശേഷം ഡൽഹിയിലാണ് യാത്ര സമാപിക്കുക. തിങ്കളാഴ്ച രാവിലെ മെസ്സി ഡൽഹിയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കടുത്ത പുകമഞ്ഞ് കാരണം യാത്രാ സമയത്തിൽ മാറ്റം വന്നിട്ടുണ്ട്.
ചാണക്യപുരിയിലെ ലീലാ പാലസിലാണ് മെസ്സിയും ടീമും താമസിക്കുക. പാലസിലെ എല്ലാ മുറികളും അവർക്കു മാത്രമായി ബുക്ക് ചെയ്തുകഴിഞ്ഞു. ഒരു രാത്രി താമസിക്കാൻ 3.5 ലക്ഷത്തിനും ഏഴു ലക്ഷത്തിനും ഇടയിൽ ചെലവുവരുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് മെസ്സിയുടെയും ടീമിന്റെയും താമസം.
മെസ്സിയുടെ താമസവുമായി ബന്ധപ്പെട്ട ഒരു വിവരവും വെളിപ്പെടുത്തരുതെന്ന് ഹോട്ടൽ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് അര മണിക്കൂർ മാത്രം അകലെയുള്ള ഹോട്ടൽ അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ ആർക്കും കടക്കാനാകാത്ത ഒരു കോട്ടയായി മാറും.
അതിനിടയിൽ തെരഞ്ഞെടുത്ത വി.ഐ.പി ഗസ്റ്റുകൾക്കും കോർപറേറ്റ് ക്ലയന്റുകൾക്കും മെസ്സിയുമായി കൂടിക്കാഴ്ച നടത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചക്കും മെസ്സിയുമായി ഒന്നു മിണ്ടിപ്പറയാനും ഒരു കോടി രൂപയോളമാണ് ചെലവ് എന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ താമസത്തിനിടെ മെസ്സി ചീഫ് ജസ്റ്റിസുമായും നിരവധി പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ത്രിരാഷ്ട്ര പര്യടനത്തിലാണ് മോദി.
എല്ലാം കഴിഞ്ഞ ശേഷം മെസ്സി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തും. അവിടെ ഒരു ഫുട്ബോൾ ക്ലിനിക്ക് സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്ന് യൂത്ത് ട്രോഫികൾ നേടിയ മിനെർവ അക്കാദമിയുടെ ടീമുകളെ മെസ്സി അഭിനന്ദിക്കും. പരിപാടിയുടെ ഭാഗമായി ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് പുരാന ഖില സന്ദർശിക്കും. അവിടെ രോഹിത് ശർമ, പാരാലിമ്പിക് ജാവലിൻ സ്വർണ മെഡൽ ജേതാവ് സുമിത് ആന്റിൽ, ബോക്സിങ് ലോക ചാമ്പ്യൻ നിഖാത് സരീൻ, ഒളിമ്പിക് ഹൈജമ്പ് മെഡൽ ജേതാവ് നിഷാദ് കുമാർ എന്നിവരുൾപ്പെടെയുള്ള കായിക താരങ്ങളുമായി മെസ്സി സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

