‘ഭാര്യയെ വിവാഹമോചനം ചെയ്ത് അവരുടെ അനിയത്തിയെ വിവാഹം കഴിക്കണം’; എതിർത്ത ഭാര്യാസഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്
text_fieldsപ്രതി സന്ദീപ്
ഭാര്യയെ വിവാഹമോചനം ചെയ്ത് അവരുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യമാണ് സന്ദീപ് ഗൗർ എന്ന യുവാവ് ഭാര്യയുടെ ബന്ധുക്കൾക്കുമുമ്പാകെ വെച്ചത്. കേട്ടമാത്രയിൽ ഭാര്യയുടെ കുടുംബം മുഴുവൻ അതിനോട് എതിർപ്പു പ്രകടിപ്പിച്ചതിൽ രോഷം പൂണ്ട് സന്ദീപ് ഭാര്യാസഹോദരനെയും സഹോദരിയെയും മാതാവിനെയും കത്തികൊണ്ട് കുത്തി. ഭാര്യാസഹോദരനും സഹോദരിയും സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യാമാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽനിന്ന് സൂറത്തിലെ തന്റെ വീട്ടിലെത്തിയ ഭാര്യാ ബന്ധുക്കളെയാണ് സന്ദീപ് ആക്രമിച്ചത്. സഹോദരൻ നിശ്ചയ് കശ്യപിന്റെ വിവാഹത്തിന് വസ്ത്രങ്ങളെടുക്കാനാണ് മാതാവിനൊപ്പം മമത കശ്യപ് സൂറത്തിലെത്തിയത്. മമതയുടെ സഹോദരിയുടെ ഭർത്താവാണ് സന്ദീപ്. ഷോപ്പിങ്ങിനുശേഷം തന്റെ വീട്ടിലെത്തിയ ഭാര്യാബന്ധുക്കളോട് സന്ദീപ് ആ ആവശ്യം ഉന്നയിക്കുകയായിരുന്നു.
തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തശേഷം മമതയെ കല്യാണം കഴിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. അതുകേട്ട് എല്ലാവരും ഞെട്ടി. തന്റെ സഹോദരീ ഭർത്താവിന്റെ ആവശ്യം മമത ശക്തിയുക്തം എതിർത്തു. കുടുംബം മുഴുവൻ കടുത്ത എതിർപ്പുയർത്തിയതോടെ സന്ദീപ് കത്തിയെടുത്ത് എല്ലാവരെയും കുത്തുകയായിരുന്നു. ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സന്ദീപിനെ സൂറത്തിനടുത്ത ഉധാന പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്തു.
‘അയാൾ എന്റെ അനുജത്തിയെ വിവാഹമോചനം ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. എന്നിട്ട് ഇളയ അനുജത്തിന്റെ വിവാഹം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുകൊണ്ടിരുന്നു. ജയിലിൽനിന്ന് വന്ന് ഞങ്ങളെയൊക്കെ കൊല്ലുമെന്ന് അയാൾ ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ട്. അയാളെ ജയിലിൽനിന്ന് പുറത്തുവിടരുതെന്നാണ് ഞങ്ങളുടെ ആവശ്യം. അവനെ തൂക്കിക്കൊല്ലണം’ -കൊല്ലപ്പെട്ട മമതയുടെ മൂത്ത സഹോദരി പ്രഭ കശ്യപ് പറയുന്നു.
2021ൽ മമത ജോലിക്കായി സൂറത്തിൽ എത്തിയതാണെന്ന് ജില്ല പൊലീസ് കമീഷണർ കനാൻ ദേശായി പറഞ്ഞു. ‘അവളും സഹോദരീ ഭർത്താവും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. യാത്രയും ഒന്നിച്ചായിരുന്നു. അതിനിടയിൽ അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു. കുടുംബം ഇതറിഞ്ഞപ്പോൾ മമതയെ പ്രയാഗ് രാജിലേക്ക് തിരികെയെത്തിച്ചു. ഇതിനുശേഷം കഴിഞ്ഞ ദിവസം മമതയും ബന്ധുക്കളും ഒന്നിച്ച് സൂറത്തിലെത്തിയപ്പോഴാണ് സന്ദീപ് ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. യുവതിയും കുടുംബവും എതിർത്തപ്പോൾ അയാൾ രോഷം പൂണ്ട് അവരെ കുത്തുകയായിരുന്നു. പുലർച്ചെ ഒന്നരക്കാണ് പൊലീസ് സംഘം അയാളെ പിടികൂടിയത്. ഒരു സ്വകാര്യ കമ്പനിയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു പ്രതി‘ -പൊലീസ് കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

