കൃഷ്ണ (ആന്ധ്രപ്രദേശ്): പി.പി.ഇ കിറ്റ് ധരിച്ച് ഭക്ഷണം വിളമ്പുന്ന വെയ്റ്റർമാർ, സാമൂഹിക അകലത്തിൽ ആൾക്കാരെ ഇരുത്തി സദ്യ, അതിഥികളെ സ്വീകരിക്കുന്നതാകട്ടെ ശരീര താപനില അളന്നും സാനിറ്റെസർ നൽകിയും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ കല്യാണത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ആന്ധ്രപ്രദേശിലെ മുഡിനെപള്ളി ഗ്രാമത്തിലാണ് ഈ ‘കോവിഡ് പ്രോട്ടോകോൾ’ കല്യാണ വിരുന്ന് നടന്നത്. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുള്ള കോടി കേറ്റേഴ്സ് ആണ് 150 പേർക്കുള്ള സദ്യ സുരക്ഷാ ക്രമീകരണങ്ങളും വൃത്തിയും പാലിച്ച് നടത്തിയത്. സദ്യക്കുശേഷം പി.പി.ഇ കിറ്റുകളെല്ലാം നശിപ്പിക്കുകയും ചെയ്തു.
അനുദിനം കൊറോണ കേസുകൾ വർധിക്കുന്ന ആന്ധ്ര രാജ്യത്തെ ഏറ്റവും ഗുരുതര അവസ്ഥയിലുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകാനുള്ള അധികാരം തഹസിൽദാർമാർക്കാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ അനുമതിയില്ലാതെ ചടങ്ങുകൾ നടത്തിയാൽ വൻ പിഴയും ഈടാക്കും. ശ്രാവണ മാസം ആരംഭിച്ചതിനാൽ ആന്ധ്രയിൽ ഇനി വിവാഹ സീസണും ആണ്. അതുകൊണ്ട് ഇത്തരം മുൻകരുതൽ സ്വീകരിച്ച് കല്യാണം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് വിവാഹ സർവിസുകാർ.