മട്ടൻ സ്റ്റീക്കിനു പകരം വിളമ്പിയത് ബീഫ്; നടന്റെ പരാതിയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsസായക് ചക്രബർത്തി
കൊൽക്കത്ത: ഓർഡർ ചെയ്ത മട്ടൻ സ്റ്റീക്കിന് പകരം ബീഫ് വിളമ്പിയെന്ന പരാതിയിൽ കൊൽക്കത്തയിലെ പ്രമുഖ റസ്റ്റോറന്റിലെ വെയ്റ്ററെ അറസ്റ്റു ചെയ്തു. നടനും യൂട്യൂബറുമായ സായക് ചക്രബർത്തിയാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. കൊൽക്കത്തയിലെ പ്രമുഖ ബാർ റസ്റ്റോറന്റ് ആയ ഒളി പബിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
വെള്ളിയാഴ്ച രാത്രിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സായക് ചക്രബർത്തി റസ്റ്റോറന്റിലെത്തിയ മട്ടൺ സ്റ്റീക്കിന് ഓർഡർ ചെയ്തത്. എന്നാൽ, വെയ്റ്റർ വിളമ്പിയത് ബീഫ് സ്റ്റീക്കായിരുന്നു. തീൻ മേശയിലെത്തിയ വിഭവം മാറിയത് അറിയാതെ സായകും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനും ആരംഭിച്ചു. എന്നാൽ, രണ്ടാമതൊരു സ്റ്റീക്ക് കൂടി തീൻ മേശയിലെത്തിയപ്പോഴാണ് വിഭവം മാറിപ്പോയത് അറിയുന്നത്. ആദ്യം വിളമ്പിയത് ബീഫായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ അറിയിക്കുകയായിരുന്നു.
ബീഫും മട്ടനുമായി രണ്ട് സ്റ്റീക്കിന് ഓർഡർ നൽകിയെന്നായിരുന്നു സംഭവത്തിൽ വെയ്റ്റർ ആദ്യ നൽകിയ വിശദീകരണം. എന്നാൽ, അങ്ങനെ ഓർഡർ ചെയ്തിട്ടില്ലെന്ന നടൻ വീഡിയോയിൽ വിശദീകരിച്ചു. താൻ ബ്രാഹ്മണനാണെന്നും, തന്റെ മത വിശ്വാസത്തെ വെയ്റ്റർ വ്രണപ്പെടുത്തിയെന്നും സായക് വീഡിയോയിൽ പറഞ്ഞു.
അബദ്ധം സംഭവിച്ചതായി ഹോട്ടൽ ജീവനക്കാർ കുറ്റസമ്മതം നടത്തിയെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. പാർക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് റസ്റ്റോറൻറ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
വെയ്റ്റർക്ക് സംഭവിച്ച അബദ്ധമാണോ, അതോ, അറിഞ്ഞുകൊണ്ട് വിളമ്പിയതാണോ എന്ന് അന്വേഷിക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
സായക് ചക്രബർത്തി പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ബി.ജെ.പി അനുകൂല പേജുകളിലും വ്യാപകമായ തോതിലാണ് വീഡിയോ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

