വിദ്വേഷത്തിന്റെ മുറവിളി ഈ ക്ഷേത്രത്തിൽ വേണ്ട; മുസ്‍ലിംകളെ ഒഴിവാക്കാനുള്ള ആഹ്വാനം തള്ളി വൃന്ദാവൻ ക്ഷേത്ര മേധാവി
text_fieldsഗ്യാനേന്ദ്ര കിഷോർ ഗോസ്വാമി
വൃന്ദാവൻ (യു.പി): പഹൽഗാം ഭീകരാക്രമണത്തിന്റെ മറവിൽ ഇസ്‍ലാം വിരുദ്ധത വളർത്താനുള്ള ഹിന്ദുത്വ വിദ്വേഷ ഗ്രൂപ്പുകളുടെ നീക്കം പൊളിച്ച് വൃന്ദാവനിലെ പ്രശസ്തമായ ബാങ്കേ ബിഹാരി ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് മുസ്‍ലിംകളെ വിലക്കണമെന്നായിരുന്നു വർഗീയ സംഘടനകളുടെ ആവശ്യം. എന്നാൽ, ഹിന്ദുക്കളും മുസ്‍ലിംകളും നൂറ്റാണ്ടുകളായി ഒരുമയോടെ ജീവിക്കുന്ന വൃന്ദാവനിൽ ഇത്തരം ഒഴിച്ചുനിർത്തലുകൾ പ്രായോഗികമോ സാധ്യമോ അല്ലെന്നായിരുന്നു ക്ഷേത്ര പുരോഹിതനും ബാങ്കേ ബിഹാരി ക്ഷേത്ര ഭരണസമിതി അംഗവുമായ ഗ്യാനേന്ദ്ര കിഷോർ ഗോസ്വാമി ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പ്രതികരിച്ചത്.
മുസ്‍ലിം നെയ്ത്തുകാരും കലാകാരൻമാരും ക്ഷേത്രവും തമ്മിൽ ആഴത്തിൽ വേരുള്ള ബന്ധമാണുള്ളത്. പതിറ്റാണ്ടുകളായി ക്ഷേത്രത്തിലേക്കാവശ്യമായ അലങ്കാര തുണിത്തരങ്ങളും കിരീടവും മാലകളും ഒരുക്കുന്നത് മുസ്‍ലിംകളാണ്. പലരും ഈ ക്ഷേത്രത്തിലെ സന്ദർശകരുമാണ്. വിശേഷ വേളകളിൽ നഫിരി എന്ന വാദ്യ ഉപകരണം വായിക്കുന്ന കലാകാരന്മാരും മുസ്‍ലിംകളാണ്.
കഴിഞ്ഞ മാസവും ക്ഷേത്രത്തിലേക്ക് മുസ്‍ലിം നെയ്ത്തുകാരിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്ന ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ ന്യാസ് എന്ന സംഘടനയുടെ പ്രസിഡന്റ് ദിനേഷ് ശർമ നൽകിയ നിവേദനം ബാങ്കേ ബിഹാരി അധികൃതർ തള്ളിക്കളഞ്ഞിരുന്നു.
പെഹൽഗാം അക്രമത്തിന് പിന്നാലെ മഥുരയിലും വൃന്ദാവനിലുമെത്തുന്ന തീർഥാടകകർ മുസ്‍ലിം കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത് എന്ന ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ വീണ്ടും രംഗത്തെത്തുകയായിരുന്നു. മുസ്‍ലിം കച്ചവടക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തിപ്പുകാരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നും അവർ തീട്ടൂരം നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണം അപലപനീയമാണെന്നും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കർശനമായി ശിക്ഷിക്കണമെന്നും ഇക്കാര്യത്തിൽ ക്ഷേത്ര സമിതി സർക്കാറിനൊപ്പമാണെന്നും പ്രഖ്യാപിച്ച ഗ്യാനേന്ദ്ര കിഷോർ ഗോസ്വാമി അതിന്റെ പേരിൽ സൗഹാർദത്തിൽ കഴിയുന്ന മുസ്‍ലിംകളും ഹിന്ദുക്കളും തമ്മിൽ ഭിന്നിച്ചു ജീവിക്കേണ്ടതില്ല എന്ന് തീർത്തു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

