വ്രഹ്മപാൽ സിങ്ങിന് കീർത്തിചക്രം; ആറു പേർക്ക് വിശിഷ്ടസേവ മെഡൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരവിരുദ്ധ സൈനിക നീക്കത്തിനിടയിൽ കൊല്ലപ്പെട്ട രാഷ്ട്രീയ റൈഫിൾസ് ശിപായി വ്രഹ്മപാൽ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തിചക്രം.
സേനയുടെ ഉയർന്ന ബഹുമതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ട സൈനിക നീക്കത്തിനിടയിലാണ് യു.പി ബുലന്ദ്ഷഹർ സ്വദേശിയായ വ്രഹ്മപാൽ സിങ്ങിന് 30ാം വയസ്സിൽ ജീവൻ പൊലിഞ്ഞത്. ജയ്ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിെൻറ മരുമകൻ തൽഹ റഷീദ് കൊല്ലപ്പെട്ടത് ഇൗ സൈനിക നീക്കത്തിലാണ്.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഒരു കീർത്തിചക്രക്കു പുറമെ 20 ശൗര്യ ചക്രം, ധീരതക്ക് 94 സേന മെഡലുകൾ, 11 നാവികസേന മെഡലുകൾ, മൂന്ന് വ്യോമസേന മെഡലുകൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.
കരസേനയിൽ ധീരതക്ക് ബാർ ടു സേന മെഡൽ നേടിയവരിൽ രാഷ്ട്രീയ റൈഫിൾസിലെ ക്യാപ്റ്റൻ രാകേഷ് നായർ ഉൾപ്പെടുന്നു. ധീരതക്കുള്ള സേന മെഡലിന് രാഷ്ട്രീയ റൈഫിൾസ് മദ്രാസ് റജിമെൻറിൽ മേജറായ ജെയിംസ് ജേക്കബ്, രാഷ്ട്രീയ റൈഫിൾസ് മെക്കാനിക്കൽ എൻജിനീയറിങ് കോറിലെ അരവിന്ദ് ബി. നായർ എന്നിവരും ഉൾപ്പെടുന്നു.
പി.ബി. രാജീവ്, എ. ഷാനവാസ് അടക്കം ആറു പേർക്ക് വിശിഷ്ടസേവ മെഡൽ
ന്യൂഡൽഹി: കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി എ. ഷാനവാസ് എന്നിവരടക്കം കേരള പൊലീസിൽനിന്ന് ആറു പേർക്ക് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് രാഷ്്ട്രപതിയുടെ വിശിഷ്ടസേവ മെഡൽ.
തിരുവനന്തപുരം ക്രൈം റെക്കോഡ്സ് ബ്യൂറോ ഇൻസ്പെക്ടർ ബി. വിപിൻ ചന്ദ്രൻ, തിരുവനന്തപുരം വിജിലൻസ്, അഴിമതി നിരോധന ബ്യൂറോ ഡയറക്ടറേറ്റ് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോൻ, ആലപ്പുഴ വിജിലൻസ്, അഴിമതി നിരോധന വിഭാഗം ഡിവൈ.എസ്.പി റെക്സ് ബോബി അരവിൻ, തിരുവനന്തപുരം അഴിമതി നിരോധന ബ്യൂറോ പ്രത്യേക അന്വേഷണ വിഭാഗം എസ്.െഎ ആർ. പ്രകാശ് എന്നിവരാണ് വിശിഷ്ടസേവ മെഡൽ നേടിയ മറ്റുള്ളവർ.
തിരുവനന്തപുരം സി.ബി.െഎ സ്പെഷൽ ക്രൈംബ്രാഞ്ച് എസ്.പി കെ.എം. വർക്കിയും രാഷ്ട്രപതിയുടെ മെഡൽ നേടി. എൻ.െഎ.എ കൊച്ചി യൂനിറ്റ് ഡി.എസ്.പി വി.കെ. അബ്ദുൽ ഖാദർ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് െഎ.ബി അസിസ്റ്റൻറ് ഡയറക്ടർ എ.കെ. സുനിൽ, ജൂനിയർ ഇൻറലിജൻസ് ഒാഫിസർ ബാബു അലൻ, ലക്ഷദ്വീപ് കവരത്തിയിൽ വയർലസ് ഒാപറേറ്ററും എ.എസ്.െഎയുമായ പി.വി. അനിൽ കുമാർ, ബി.എസ്.എഫ് അസിസ്റ്റൻറ് കമാൻഡൻറ് പിറവം പാഴൂർ പുതിയകുന്നേൽ പി.ജെ. തമ്പി തുടങ്ങിയവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
തിരുവനന്തപുരത്ത് വനിതകളുടെ തുറന്ന ജയിൽ എസ്.പി എസ്. സോഫിയ ബീവി, തിരുവനന്തപുരം സെൻട്രൽ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് വി. രാമചന്ദ്രൻ നായർ എന്നിവർ ജയിൽ വിഭാഗത്തിൽ വിശിഷ്ടസേവ മെഡൽ നേടി.
കേരള പൊലീസിൽനിന്ന് ആർക്കും ഇക്കുറി ധീരതക്ക് പുരസ്കാരമില്ല. സ്തുത്യർഹ സേവന പൊലീസ് മെഡലിനും കേരളത്തിൽനിന്ന് ആരും അർഹരായില്ല. ധീരതക്ക് പൊലീസ് മെഡൽ നേടിയവരുടെ പട്ടികയിൽ മേഘാലയയിൽ ഡിവൈ.എസ്.പിയായ ടി.സി. ചാക്കോ ഉൾപ്പെടുന്നു. ലക്ഷദ്വീപിൽ ഹെഡ് കോൺസ്റ്റബിളായ എം. ഗിരീഷ്കുമാറിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
