അനന്തരസ്വത്തിൽ തുല്യാവകാശം: നിവേദനവും നിയമഭേദഗതി നിർദേശവുമായി കേന്ദ്ര മന്ത്രിയെ കണ്ട് വി.പി സുഹ്റ
text_fieldsന്യൂഡൽഹി: അനന്തരസ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്‍ലിം സ്ത്രീക്കും അനുവദിച്ചുകിട്ടാൻ നിരാഹാര സമരത്തിന് ഡൽഹിയിൽ വന്ന വി.പി സുഹ്റ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. മുസ്‍ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ മുസ്‍ലിംകളെ കൂടി ഉൾപ്പെടുത്തുക എന്നീ രണ്ട് ആവശ്യങ്ങൾ അടങ്ങുന്ന നിവേദനവും നിയമ ഭേദഗതിക്കായി തയറാക്കിയ കരടും സുഹ്റ കേന്ദ്ര മന്ത്രി കിരൺ റിജിജുവിന് സമർപ്പിച്ചു.
കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ന്യൂനപക്ഷ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതെന്ന് വി.പി സുഹ്റ ‘മാധ്യമ’ത്തോടു പറഞ്ഞു. നിയമ വിദഗ്ധർ തയാറാക്കിയ നിയമഭേദഗതി നിർദേശമാണ് നിവദേനത്തിനൊപ്പം നൽകിയത്. ഉന്നയിച്ച വിഷയം ഗൗരവത്തിലെടുത്ത മന്ത്രി റിജിജു പരിശോധിച്ച് നടപടി എടുക്കുമെന്ന് ഉറപ്പുനൽകിയെന്നും സുഹ്റ പറഞ്ഞു.
ന്യൂഡൽഹി ജന്തർ മന്തറിൽ ഞായറാഴ്ച തുടങ്ങിയ സുഹ്റയുടെ അനിശ്ചിത കാല നിരാഹാര സമരം അന്നു തന്നെ ഡൽഹി പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് സുഹ്റ സമരം അവസാനിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

