Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖം മാറിയ അയോധ്യയിൽ...

മുഖം മാറിയ അയോധ്യയിൽ ഇന്ന് വോട്ടെടുപ്പ്

text_fields
bookmark_border
മുഖം മാറിയ അയോധ്യയിൽ ഇന്ന് വോട്ടെടുപ്പ്
cancel
camera_alt

പള്ളിക്ക് സർക്കാർ കണ്ടെത്തിയ അഞ്ചേക്കർ ഭൂമി

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിന്‍റെ തകൃതിയായ പ്രവർത്തനങ്ങൾ. 25 കിലോമീറ്റർ അകലെ ധന്നിപ്പൂരിൽ പുതിയ പള്ളി പണിയാൻ അനുവദിച്ച അഞ്ചേക്കറിലും ചുറ്റുവട്ടത്തും അനാഥത്വം നിറഞ്ഞ മൂകത. ഫൈസാബാദ് എന്ന പഴയ നഗരത്തിന് അയോധ്യ കന്റോൺമെന്‍റ് എന്ന് പേരു മാറ്റിയതടക്കം പലവിധത്തിൽ മുഖം മാറിയ അയോധ്യയിൽ ഞായറാഴ്ച വോട്ടെടുപ്പ്.

പള്ളി പൊളിച്ച ഭൂമി ക്ഷേത്രനിർമാണത്തിന് വിട്ടുനൽകിയ നിർണായക സുപ്രീംകോടതി വിധിക്കുശേഷം ഇതാദ്യമായാണ് അയോധ്യയിലും ഉത്തർപ്രദേശിലാകെയും തെരഞ്ഞെടുപ്പ് നടക്കുന്നത്. അയോധ്യ കാൽക്കീഴിലാക്കിയെന്ന് അവകാശപ്പെടുമ്പോൾതന്നെ, ബി.ജെ.പിക്ക് ഇവിടെ ജയം അത്ര അനായാസമല്ല. ഹിന്ദുക്കളും മുസ്‍ലിംകളും ഇടകലർന്ന് ജീവിച്ചുപോന്ന ഭൂമിയിൽനിന്ന്, പുതിയ സാഹചര്യങ്ങൾക്കിടയിൽ മുസ്‍ലിംകൾ മിക്കവാറും ജീവിതം പറിച്ചുനട്ടു. അതനുസരിച്ചാണെങ്കിൽ ബി.ജെ.പിക്ക് ഏതു കുറ്റിച്ചൂലിനെ നിർത്തിയും ജയിപ്പിക്കാം.

എന്നാൽ, സമാജ്‍വാദി പാർട്ടിക്ക് നിർണായക സ്വാധീനമുള്ള അയോധ്യയിൽ പുതിയ 'ഹിന്ദു ഹൃദയ സാമ്രാട്ടാ'യി മത്സരിക്കാൻ തുടക്കത്തിൽ ആലോചിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വന്തം തട്ടകമായ ഗോരഖ്പൂരാണ് സുരക്ഷിതമെന്ന് കണ്ട് അങ്ങോട്ട് മാറുകയായിരുന്നു. രാമക്ഷേത്ര നിർമാണത്തിനൊപ്പം നടക്കുന്ന പരിസര വികസനത്തിന്‍റെ പേരിൽ ഭൂമിയും കെട്ടിടവും വിട്ടുകൊടുക്കേണ്ടിവരുന്ന നിരവധിയായ വ്യാപാരികളുടെ അമർഷം, പതിന്മടങ്ങായി വില വർധിച്ച ക്ഷേത്രമേഖലയിലെ ഭൂമി ബി.ജെ.പി നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഗൂഢമായി കൈയടക്കുന്നതുമായി ബന്ധപ്പെട്ട വിവാദം എന്നിവയും ആദിത്യനാഥിന്‍റെ ആശങ്ക വർധിപ്പിച്ചു.

അങ്ങനെ സിറ്റിങ് എം.എൽ.എ വേദപ്രകാശ് ഗുപ്ത തന്നെ ബി.ജെ.പി സ്ഥാനാർഥിയായി. എന്നാൽ, നാലുവട്ടം എം.എൽ.എയായിരുന്ന ലല്ലു സിങ്ങിനെ 2012ൽ മലർത്തിയടിച്ച സമാജ്‍വാദി പാർട്ടിയുടെ പവൻ പാണ്ഡെ വീണ്ടും വേദപ്രകാശിനെ നേരിടുന്നു. കോൺഗ്രസിനും ബി.എസ്.പിക്കും ആം ആദ്മി പാർട്ടിക്കും ഇവിടെ സ്ഥാനാർഥിയുള്ളത് ബി.ജെ.പിയുടെ ജയപ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ട ക്ഷേത്രത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് വേഗം കൂട്ടിയിട്ടുണ്ട്. ഒപ്പം, സംഘ്പരിവാർ പ്രവർത്തകർ രാമപ്രസാദവും പുതിയ ക്ഷേത്രം ഉയർത്തുന്ന ഭൂമിയിൽനിന്നുള്ള മണ്ണിന്‍റെ ചെറു പാക്കറ്റുകളുമായി വീടുവീടാന്തരം കയറി ഹിന്ദുത്വവികാരം പെരുപ്പിക്കുന്നു.

സുപ്രീംകോടതി വിധി അടിസ്ഥാനപ്പെടുത്തി യോഗി സർക്കാർ പള്ളിക്ക് കണ്ടെത്തിനൽകിയ അഞ്ചേക്കർ ഇന്ന് അനാഥത്വം പേറുന്ന വെളിമ്പറമ്പാണ്. പള്ളി പണിയാൻ ഭൂമി ആവശ്യപ്പെട്ടിട്ടില്ലാത്ത മുസ്‍ലിംകൾ സർക്കാർ നൽകിയ കുറെ പാടവും ബാക്കി പുരയിടവും ചേർന്ന ഭൂമി വലിയ കാര്യമാക്കുന്നതേയില്ല. സർക്കാർ സ്പോൺസർ ചെയ്യുന്ന ഇന്തോ-ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ എന്നൊരു കടലാസ് സംഘടന, ചില നിർമിതികളുടെ ഡിസൈനോടെ ബോർഡ് വെച്ചുപോയിട്ടുണ്ട്. തൊട്ടടുത്ത പാടത്തെല്ലാം ചോളം വളർന്നുനിൽക്കുമ്പോൾ, പള്ളിക്ക് സർക്കാർ വിട്ടുകൊടുത്തതുമുതൽ അവിടെ കൃഷിയും മുടങ്ങി.

ഇവിടം കൂടി ഉൾപ്പെടുന്ന ഫൈസാബാദിന്‍റെ മാത്രമല്ല, ചരിത്രപ്രധാനമായ പല നഗരങ്ങളുടെയും പേര് യോഗി സർക്കാർ ഇതിനകം ഹിന്ദുത്വവത്കരിച്ചുകഴിഞ്ഞിട്ടുണ്ട്. അങ്ങനെ പ്രയാഗ് രാജായി മാറിയ അലഹബാദിലും ഞായറാഴ്ചയാണ് പോളിങ്. യു.പിയിലെ 403ൽ 231ലും കഴിഞ്ഞ നാലു ഘട്ടങ്ങളായി വോട്ടെടുപ്പ് കഴിഞ്ഞിരിക്കേ, ഞായറാഴ്ച നടക്കുന്ന അഞ്ചാം ഘട്ടത്തിൽ 11 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കഴിഞ്ഞ തവണ കൈവിട്ട അമേത്തിയിലെ നിയമസഭ മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും.

തോൽവി നേരിട്ട മണ്ഡലത്തിൽ പ്രചാരണത്തിന്‍റെ അവസാന ദിവസം മാത്രമാണ് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസിന്‍റെ പ്രമുഖ നേതാവും രാജകുടുംബാംഗവുമായ സഞ്ജയ് സിങ്ങാണ് ഇക്കുറി അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥി. അദ്ദേഹത്തിന്‍റെ ആദ്യഭാര്യ ഗരിമ സിങ്ങാണ് സിറ്റിങ് എം.എൽ.എ. കോൺഗ്രസിന്‍റെ ആശിഷ് ശുക്ല, സമാജ്‍വാദി പാർട്ടിയുടെ മഹാരാജ പ്രജാപതി എന്നിവർ പ്രധാന എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2022
News Summary - Voting begins today in Ayodhya
Next Story