Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർധരാത്രി 17 ലക്ഷം...

അർധരാത്രി 17 ലക്ഷം വോട്ടുകൾ, ഓരോ 20 സെക്കൻഡിലും ഒരു വോട്ട്; ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം

text_fields
bookmark_border
അർധരാത്രി 17 ലക്ഷം വോട്ടുകൾ, ഓരോ 20 സെക്കൻഡിലും ഒരു വോട്ട്; ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം
cancel

ന്യൂഡല്‍ഹി: കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണവുമായി സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. അർധ രാത്രിക്കുശേഷം 17 ലക്ഷം പേർ വോട്ട് ചെയ്തെന്നും ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തിയതായും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം 175 സീറ്റുകളില്‍ 164 എണ്ണം നേടി ഗംഭീര വിജയം സ്വന്തമാക്കിയത് രാഷ്ട്രീയ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. 3,500 ബൂത്തുകളില്‍ പുലർച്ചെ രണ്ടു മണി വരെ വോട്ടെടുപ്പ് തുടർന്നു. 4.16 ശതാമനം വോട്ടുകളും രാത്രി 11.45നും പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് രേഖപ്പെടുത്തിയത്. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഏകദേശം 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി. ഇതിൽ 12 മണിക്ക് ശേഷം മാത്രം 17 ലക്ഷം പേർ വോട്ടു ചെയ്തു. പുലര്‍ച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്നും പരകാല പ്രഭാകർ പറയുന്നു.

വോട്ടിങ് മെഷിൻ റീസെറ്റ് ചെയ്യാന്‍ മാത്രം 14 സെക്കന്‍ഡ് എടുക്കുമെന്നിരിക്കെ, എങ്ങനെയാണ് ആറു സെക്കന്‍ഡിനുള്ളില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്? ഒരു വോട്ടർക്ക് അത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ബൂത്തിനകത്ത് കയറി വോട്ട് ചെയ്ത് പുറത്ത് കടക്കാൻ കഴിയുമോ? - പ്രഭാകർ ചോദിച്ചു. രാത്രി എട്ടു മണിക്ക് ശേഷം അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

തെരഞ്ഞെടുപ്പിലെ റെക്കോഡ് ജയത്തിനു പിന്നാലെ ചന്ദ്രബാബു നായിഡു നാലാം തവണയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ടി.ഡി.പി 135 സീറ്റും ബി.ജെ.പി 8 സീറ്റും പവൻ കല്യാണിന്റെ ജനസേന 21 സീറ്റും നേടി. ഫലം വന്നതിനു പിന്നാലെ തന്നെ പ്രതിപക്ഷവും രാഷ്ട്രീയ വിദഗ്ധരും പലവിധ സം‍ശയങ്ങളും ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന ആരോപണങ്ങളാണ് പ്രഭാകറിന്‍റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. 2024 മേയ് 13ന് വൈകീട്ട് അഞ്ചിന് പോളിങ് അവസാനിച്ചതിനുശേഷം, ആന്ധ്ര ചീഫ് ഇലക്ടറൽ ഓഫിസർ 68.04 ശതമാനം പോളിങ് നടന്നതായാണ് മാധ്യമങ്ങളോട് പറഞ്ഞത്. രാത്രി എട്ടിലെ കണക്കിൽ പോളിങ് 68.12 ശതമാനമായി ഉയർന്നു. രാത്രി 11.45ന് 76.50 ശതമാനവും നാലു ദിവസങ്ങൾക്ക് ശേഷം പുറത്തിറക്കിയ അന്തിമ കണക്കുപ്രകാരം പോളിങ് 81.79 ശതമാനവുമായി.

ഇത്തരം ആരോപണങ്ങളൊന്നും അന്ന് ഉന്നയിക്കാതെ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് ഭരണഘടനിവിരുദ്ധമാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം 17സി എന്തുകൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയില്ല എന്ന് വാർത്തസമ്മേളനത്തിൽ സംസാരിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദിച്ചു. വോട്ടർ പട്ടികകൾ മെഷീൻ-റീഡബിൾ ഫോർമാറ്റിൽ പ്രസിദ്ധീകരിക്കാത്തത് സ്വതന്ത്ര പരിശോധനയെ ദുഷ്കരമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ബി.ജെ.പിക്കെതിരെ "വോട്ട് ചോരി" ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇതേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പോളിങ് സമയം കഴിഞ്ഞ് വരി നിൽക്കുന്ന വോട്ടർമാരുടെ കണക്കുകളും ബൂത്ത് തലത്തിലുള്ള തത്സമയ വിവരങ്ങളും ലഭ്യമല്ലാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോം 17സി, ഫോം 20 ഉൾപ്പെടെ തെരഞ്ഞെടുപ്പ് രേഖകൾ ഓഡിറ്റിന് വിധേയമാക്കണമെന്ന് മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി ആവശ്യപ്പെട്ടു. പോളിങ് ശതമാനം അന്നേ ദിവസം തന്നെ പ്രഖ്യാപിക്കണമെന്നും ബൂത്ത് തലത്തിലുള്ള വിവരങ്ങൾ തത്സമയം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parakala PrabhakarAndhra Pradesh Assembly electionChandrababu Naidu
News Summary - Votes in 6 seconds, 4% cast after midnight: Major allegations over Andhra polls
Next Story