വെറുപ്പിനെ തോൽപിക്കുന്ന ഭരണ വിരുദ്ധതയിൽ മധുബനി
text_fieldsഅയോധ്യയിലെ രാമക്ഷേത്രംപോലെ സീതാഗഢിയിൽ സീതാ ക്ഷേത്രം യാഥാർഥ്യമാക്കുന്നതിനെ കോൺഗ്രസ് എതിർക്കുന്നുവെന്ന് ആരോപിച്ച് അതാരെ പേടിച്ചാണെന്ന് അറിയാമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചോദിക്കുകയാണ്. ബി.ജെ.പി റാലിക്കെത്തിയവർ അതിനുത്തരം നൽകുന്നില്ലെന്ന് കണ്ടതോടെ കോൺഗ്രസ് ഇത് ചെയ്യുന്നത് ഒരു പ്രത്യേക വോട്ടുബാങ്കിനെ ഭയന്നാണെന്നും അതാരാണെന്ന് നിങ്ങൾതന്നെ പറയൂ എന്നായി അമിത് ഷാ. ആർത്തുവിളിക്കുന്ന പ്രവർത്തകരോട് മോദിയും നിതീഷുംകൂടി 800 കോടിയോളം ഇതിനകം ചെലവിട്ട സീതാ ക്ഷേത്രത്തെ എതിർക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ഉറക്കെ പറയൂ എന്ന് ആവർത്തിക്കുന്നു അദ്ദേഹം.
ഈ തരത്തിൽ മുസ്ലിംകളോട് വിദ്വേഷം ജനിപ്പിച്ച് കോൺഗ്രസിനോടും മഹാസഖ്യത്തോടും വെറുപ്പ് പടർത്താൻ സീതയെ ആയുധമാക്കുകയാണ് ബിഹാറിൽ ബി.ജെ.പി. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം കൊട്ടിക്കലാശത്തിലെത്തിയ ബിഹാറിൽ വെറുപ്പ് പടർത്തി തെരഞ്ഞെടുപ്പ് ജയിക്കുന്ന തന്ത്രം മാത്രമേ ബി.ജെ.പിക്ക് ഇറക്കാനുള്ളൂ. താഴ്ന്ന ജാതിക്കാരായ സമുദായങ്ങളിലുള്ളവർ കൂടുതലുള്ള മധുബനി ജില്ലയിലെ ബേനിപട്ടി നിയമസഭ മണ്ഡലത്തിലെ കലൂആഹിയിൽ ബി.ജെ.പിയുടെ റാലിക്ക് ആളുകളെത്തുന്നത് ജയ് ശ്രീറാം വിളികളുമായിട്ടാണ്.ഭരണവിരുദ്ധതയെ വെറുപ്പും വിദ്വേഷവുംകൊണ്ട് നേരിടാമെന്ന് ബി.ജെ.പി കരുതുമ്പോൾ അതിനെയും വെല്ലുന്ന ഭരണ വിരുദ്ധ വികാരമാണ് വോട്ടർമാർ പ്രകടിപ്പിക്കുന്നത്.
ഇത്രയൊക്കെയും വെറുപ്പ് പടർത്തിയിട്ടും ഭരണ വിരുദ്ധ വികാരം ബി.ജെ.പി പ്രവർത്തകർപോലും പരസ്യമായി പ്രകടിപ്പിക്കുകയാണ്. മൂന്നുതവണയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത വിനോദ് നാരായണൻ ഝാ എന്ന ബി.ജെ.പി സിറ്റിങ് എം.എൽ.എക്കെതിരെ കടുത്ത ജനരോഷം ഉള്ളതിനാൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്ന ഡോക്ടർ ബീജ മിനാലിനായിരിക്കും തന്റെ വോട്ടെന്ന് പറഞ്ഞത് ചന്ദൻ ഝാ തുറന്നടിക്കുന്നു. മൂന്ന് തവണ ജയിച്ചുപോകുന്ന വിനോദ് നാരായൺ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്തതിന് ഇത്തവണ തോൽപിക്കാനാണ് ബി.ജെ.പി പ്രവർത്തകരുടെ തീരുമാനം എന്ന് പരസ്യമായി പറയാൻ ചന്ദൻ മടിക്കുന്നില്ല.
ഒരു ഉപകാരവുമില്ലാത്ത ജാതിക്കാരന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം എന്ന് ചന്ദൻ ചോദിക്കുന്നു. അതേസമയം, മൂന്നു വർഷമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പി നേതാവായ ഡോക്ടർ എന്നും അവർക്ക് സീറ്റ് നൽകുമെന്നായിരുന്നു ഞങ്ങളൊക്കെയും കരുതിയതെന്നും ചന്ദൻ പറഞ്ഞു.മധുബനിയിലെ അടുത്ത മണ്ഡലമായ ഹർലാഖിയിലും കടുത്ത ഭരണവിരുദ്ധ വികാരം പ്രകടം. ജനതാദൾ-യുവിന്റെ സിറ്റിങ് എം.എൽ.എ നാല് അംഗരക്ഷകരുടെ കാവലിൽ പുൽഹറിലൂടെ നടന്നുപോകുമ്പോൾ കൂടെ കൂടാനോ കൈകൂപ്പാനോ പോലും ജനം തയാറാകുന്നില്ല.
അതേ പുൽഹറിൽ സീതയും രാമനും ഒരുമിച്ച് സമ്മേളിച്ചു എന്ന് ഭക്തർ പറയുന്ന ഗിരിജ ആസ്ഥാൻ മന്ദിറിന് മുന്നിൽ അദ്ദേഹത്തിന്റെ മുഖ്യ എതിരാളി സി.പി.ഐ സ്ഥാനാർഥി രാഗേഷ് കുമാർ പാണ്ഡെയുടെ കവല പ്രചാരണത്തിന് സ്ഥാനാർഥി വരാതിരുന്നിട്ടും നൂറോളം പേർ ഒരുമിച്ചുകൂടിയിട്ടുണ്ട്.
മന്ദിറിന് മുന്നിലെ ആൽത്തറയിൽ ഒരുമിച്ചുകൂടിയ വോട്ടർമാരോട് നിതീഷ് തന്ന പതിനായിരത്തിൽ വീണുപോകരുതെന്നും അപ്പുറത്ത് ആരും കാണാതെ റേഷൻതന്നെ റദ്ദാക്കുകയാണെന്നും പറഞ്ഞ് ഹിന്ദിയിൽ കത്തിക്കയറുകയാണ് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ. കേരളത്തിലെ റേഷനുമായി താരതമ്യം ചെയ്ത് അവർ സംസാരം അവസാനിക്കുമ്പോൾ നിലക്കാത്ത കൈയടി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയും അതിനുശേഷം സംസാരിച്ചു. ഇത്തവണ മണ്ഡലത്തിൽ അവസ്ഥ എന്താണെന്ന് ആൽത്തറയിൽ കൂടിയവരോട് ചോദിച്ചപ്പോൾ മത്സരം കടുത്തതാണെന്നും മുസ്ലിംകൾ കൂടി വോട്ട് ചെയ്താൽ സി.പി.ഐ സ്ഥാനാർഥി ഇത്തവണ നിയമസഭ കാണുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞതവണ സി.പി.ഐ ഒറ്റക്ക് നിന്നിട്ട് 47,000 വോട്ട് പിടിച്ച ഈ മണ്ഡലത്തിൽ 10,000ത്തിൽ താഴെ വോട്ടിന് തോറ്റത് മുസ്ലിം സ്ഥാനാർഥി ഷബീർ സ്വതന്ത്രനായി 27,000 വോട്ട് പിടിച്ചതുകൊണ്ടാണെന്ന് അവർ വ്യക്തമാക്കി. ഷബീർ ഇക്കുറിയും ബി.ജെ.പിയുടെ സാമ്പത്തിക സഹായത്തോടെ വോട്ട് ഭിന്നിപ്പിക്കാൻ രംഗത്തുണ്ടെങ്കിലും മുസ്ലിംകൾ 75 ശതമാനവും സി.പി.ഐക്ക് ചെയ്യുമെന്ന് അവർ പറയുന്നു.
മുസ്ലിംകളിൽ അൻസാരി ജാതിക്ക് ഭൂരിപക്ഷമുള്ള ഹർലാഖിയിൽ അവർ ഇത്തവണ ശബീറിനെ തുണക്കാതെ പാണ്ഡെയെ ജയിപ്പിക്കുമെന്നും ഇതേ സമുദായത്തിൽനിന്നുള്ള അബ്ദുൽ ഖുദ്ദൂസും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10ൽ രണ്ട് സീറ്റ് മാത്രം നേടിയ മധുബനിയിൽ ഇക്കുറി മഹാസഖ്യം ചുരുങ്ങിയത് അഞ്ച് മണ്ഡലങ്ങൾ എങ്കിലും ജയിക്കുമെന്ന് പറയുന്നത് വെറുപ്പിനെയും വെല്ലുന്ന ഈ ഭരണ വിരുദ്ധത കണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

