വോട്ടർപട്ടിക ക്രമക്കേട്: ബംഗളൂരുവിൽ സിജെപി ജനകീയ ട്രിബ്യൂണൽ; പ്രകാശ് രാജും ധ്രുവ് റാഠിയും പങ്കാളികളാകും
text_fieldsബംഗളൂരു: കർണാടകയിൽ വോട്ടർപട്ടികയിൽനിന്ന് അന്യായമായി പേരുകൾ വെട്ടിമാറ്റപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ വ്യാഴാഴ്ച ജനകീയ ട്രിബ്യൂണൽ (പീപ്പിൾസ് ട്രിബ്യൂണൽ) സംഘടിപ്പിക്കുന്നു.കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പ്രമുഖ നടൻ പ്രകാശ് രാജ്, പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി തുടങ്ങിയവർ പങ്കാളികളാകും.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനക്ക് (എസ്ഐആർ) എതിരെ ‘വോട്ട് സംരക്ഷിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി വ്യാഴാഴ്ച രാവിലെ 10.30നാണ് ജനകീയ ട്രിബ്യൂണൽ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ശക്തമായ ‘ചെരിപ്പ് പ്രതിഷേധവും’ നടക്കും.
എസ്.ഐ.ആറിനെതിരെയുള്ള പ്രചാരണങ്ങളുടെ ഭാഗമായി ധ്രുവ് രാഠി ആദ്യമായാണ് ബംഗളൂരുവിൽ എത്തുന്നതെന്ന് പ്രകാശ് രാജ് ബുധനാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഇവന്റിലെ തന്റെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ധ്രുവ് രാഠിയും എക്സിൽവീഡിയോ പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ്ഐആറിന്റെ ഇരകൾ ട്രിബ്യൂണലിൽ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തും.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, കോകൺവീനർ അശുതോഷ് റാങ്ക, വക്താവ് സൗരവ് ദാസ്, പ്രമുഖ വിദ്യാർഥി നേതാവ് ഐഷി ഘോഷ്, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ എന്നിവരും വിവിധ യുവജന-ബഹുജന സംഘടനകളും ചടങ്ങിൽ സംസാരിക്കും. താൻ ബംഗളൂരുവിൽ എത്തിയതായും ധ്രുവ് രാഠിയുടെ വരവ് സ്ഥിരീകരിച്ചതായും അഭിജീത് ദിപ്കെയും വീഡിയോയിലൂടെ അറിയിച്ചു.
ഒക്ടോബർ മൂന്നിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി ആരോപിച്ച മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ‘ചെരിപ്പ് പ്രതിഷേധം’ സംഘടിപ്പിക്കുന്നത്. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ദിപ്കെ ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.
ഇതിനുപുറമെ, ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും സിജെപി ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
കർണാടകയിലെ എസ്.ഐ.ആറിന് ശേഷം പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ വിദേശത്തുള്ളവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ടിപ്പുള്ളവർ എന്നിങ്ങനെ 1.08 കോടിയിലധികം എൻട്രികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് 'സൗത്ത് മാറ്റേഴ്സ്' റിപ്പോർട്ട് വ്യക്തമാക്കുന്നു.എന്നാൽ, 2025 ജൂൺ മുതൽ 19 സംസ്ഥാനങ്ങളിലായി 1.43 കോടി കർണാടക നിവാസികൾ ഉൾപ്പെടെ ആകെ 13 കോടിയോളം പേരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല സെപ്റ്റംബർ 24ന് ആരോപിച്ചിരുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ ഒരു സോഷ്യൽ മീഡിയ പരിഹാസ കൂട്ടായ്മയായി ആരംഭിച്ച സിജെപി, പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തെരുവ് പ്രതിഷേധങ്ങളിലേക്ക് തിരിയുകയായിരുന്നു. സംഘടനയുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയേറി വരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

