Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർ ഐ.ഡിയും ആധാറും ഉണ്ടായിട്ടും ‘ബംഗ്ലാദേശി’; 66കാരൻ രണ്ടര മാസമായി ജയിലിൽ

text_fields
bookmark_border
വോട്ടർ ഐ.ഡിയും ആധാറും ഉണ്ടായിട്ടും ‘ബംഗ്ലാദേശി’; 66കാരൻ രണ്ടര മാസമായി ജയിലിൽ
cancel

കൊൽക്കത്ത: ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകളും വോട്ടർ പട്ടികയിൽ പേരുമുണ്ടായിരുന്നിട്ടും പശ്ചിമ ബംഗാളിൽ 66കാരനെ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദമാവുന്നു.

ഉത്തർ ദിനാജ്പുർ ജില്ലയിലെ ഡാൽഖോള സ്വദേശിയായ ജലീൽ അക്തറിനെയാണ് ജൂൺ 19ന് പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷാവസാനത്തിലും ഈ വർഷാദ്യത്തിലും നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടിയിൽ ജലീൽ അക്തർ തന്റെ ഇന്ത്യൻ പൗരത്വം തെളിയിച്ചിരുന്നു, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും രാത്രി വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിന് പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റേഷൻ കാർഡ്, ആധാർ, വോട്ടർ ഐ.ഡി, പഴയ ഭൂമി രേഖകൾ എന്നിവ ഉൾപ്പെടെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന എല്ലാ രേഖകളും ജലീലിനുണ്ടെന്ന് കുടുംബം വ്യക്തമാക്കി. 1995, 2002 വർഷങ്ങളിലെ വോട്ടർ പട്ടികകളിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. 2026ലെ പുതുക്കിയ വോട്ടർ പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരനായി അദ്ദേഹത്തെ എങ്ങനെ മുദ്രകുത്തിയെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകൾ ഇന്ത്യൻ പൗരനാണെന്ന് വ്യക്തമായി കാണിക്കുന്നുണ്ടെന്നും കുടുംബം പറയുന്നു. ആദ്യം ഉത്തർ ദിനാജ്പുരിലെ നിസാംപൂർ ഹോൾഡിംഗ് സെന്ററിലേക്കും പിന്നീട് ബി.എസ്.എഫിന് കൈമാറുന്നതിനായി സിലിഗുരിയിലെ ഫുൽബാരി ഹോൾഡിംഗ് സെന്ററിലേക്കുമാണ് ജലീലിനെ മാറ്റിയതെന്ന് കുടുംബം ആരോപിച്ചു.

ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച് ജില്ലയിൽ സ്ഥിരതാമസമാക്കിയതായി സംശയിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ ബി.എസ്.എഫിന് തിരിച്ചയക്കുന്നതിന് മുമ്പ് കസ്റ്റഡിയിലെടുക്കാൻ പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാർ സ്ഥാപിച്ച സൗകര്യങ്ങളാണ് ഹോൾഡിംഗ് സെന്ററുകൾ.

കുടുംബം സമർപ്പിച്ച രേഖകൾ പരിശോധിച്ചതിനെ തുടർന്ന് ബി.എസ്.എഫ് ജലീലിനെ ബംഗ്ലാദേശിലേക്ക് അയച്ചില്ല. എന്നാൽ ജൂലൈ 22ന് ജലീലിനെ അനധികൃത കുടിയേറ്റക്കാരനെന്നാരോപിച്ച് പ്രാദേശിക കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലാത്ത ജലീൽ ഇപ്പോഴും ജയിലിലാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി സമീറുൽ ഇസ്ലാം രംഗത്തെത്തി. ജലീലിന്റെ പൗരത്വ രേഖകൾ വിശദമായി പരിശോധിച്ച് നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നായിരുന്നു. അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ അതിർത്തി കടന്ന് അനധികൃതമായി എത്തിയവരെ കണ്ടെത്തി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരി അധികാരമേറ്റതിന് പിന്നാലെ 4,800 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതായി അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Having voter ID and Aadhaar, yet labeled 'Bangladeshi'; 66-year-old in jail for two and a half months
Next Story