‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി
text_fieldsപ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
'പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ'- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. വനിതകൾക്ക് 30000 രൂപയുടെ വാർഷിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമടക്കം വമ്പൻ വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ യുവനേതാവ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. വൈശാലി ജില്ലയിലെ രഘോപൂരിൽ നിന്ന് 2015 മുതലാണ് തേജസ്വി ജയിച്ചു വരുന്നത്. ജെ.ഡി.യു മുൻ എം.എൽ.എ കൂടിയായ സതീഷ് കുമാർ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. 2010ൽ തേജസ്വിയുടെ അമ്മ റബ്രിദേവിയെ തോൽപിച്ച ചരിത്രമുണ്ട് സതീഷ് കുമാറിന്.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ചഞ്ചൽ സിങ്ങും രഘോപൂരിൽ ജനവിധി തേടുന്നു. പിതാവ് ലാലു പ്രസാദ് യാദവുമായി ഉടക്കി സ്വന്തം പാർട്ടിയുണ്ടാക്കിയ തേജ്പ്രതാപ് വൈശാലിയിലെ മഹുവയിൽ മത്സരിക്കുന്നുണ്ട്. ഈ മണ്ഡലത്തിൽ ആർ.ജെ.ഡിക്ക് സ്ഥാനാർഥിയുണ്ട്. പാർട്ടിയാണ് വലുത് എന്ന നിലപാടിലാണ് തേജ്പ്രതാപിന്റെ അനിയനായ തേജസ്വി. എന്നാൽ, തേജ് പ്രതാപ് ജയിക്കണമെന്ന് റബ്രിദേവിയുടെ അമ്മ മനസ്സ് ആഗ്രഹിക്കുന്നു. അവർ അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്.
നിലവിൽ ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ മഹാസഖ്യത്തിന് നേരിയ മുൻതൂക്കമുണ്ടായിരുന്നു. ഇത്തവണ ഇൻഡ്യ സഖ്യമായി മാറിയ മഹാസഖ്യം പ്രതീക്ഷയിലാണ്. പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് കിട്ടുന്ന വോട്ടുകളാകും ഇത്തവണ നിർണായകമാകുക. മഹാസഖ്യത്തിൽ പലയിടത്തും ‘സൗഹൃദ മത്സര’ങ്ങളുണ്ട്. എൻ.ഡി.എ സഖ്യത്തിൽ തൊഴുത്തിൽകുത്ത് വളരെ കുറവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

